അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍ ഗാന്ധിജി ഉള്‍പ്പെടെയുള്ള ചരിത്ര പുരുഷന്‍മാരെ അപമാനിക്കുന്ന നടപടി ഒരിക്കലും അംഗീകരിക്കാനാകില്ലെന്ന് സുപ്രീംകോടതി

single-img
14 May 2015

mahatmagandhiഭരണഘടന അനുശാസിക്കുന്ന അഭിപ്രായ സ്വാതന്ത്ര്യമേ നല്‍കാനാകുവെന്നും വ്യക്തികളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന് പരിധിയുണ്ടെന്നും സുപ്രീംകോടതി. മഹാത്മാ ഗാന്ധി ഉള്‍പ്പെടെയുള്ള ചരിത്ര പുരുഷന്‍മാരെ അപമാനിക്കുന്നത് ഒരുതരത്തിലും അനുവദിക്കാനാകില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.

മറാത്തി കവി വസന്ത് ദത്താത്രയ ഗുര്‍ജര്‍ മഹാത്മാ ഗാന്ധിക്കെതിരെ എഴുതിയ കവിത പ്രസിദ്ധീകരിച്ചതിന് തനിക്കെതിരെയുള്ള ക്രിമിനല്‍ നടപടികള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട കവിത പ്രസിദ്ധീകരിച്ച മാസികയുടെ എഡിറ്റര്‍ ദേവീദാസ് രാമചന്ദ്ര തുള്‍ജപുര്‍കര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ പ്രസ്താവന. രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയെക്കുറിച്ച് ആക്ഷേപഹാസ്യ പദ്യമെഴുതിയത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിക്കകത്ത് വരില്ലെന്ന് നേരത്തെ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.

മഹാത്മാഗാന്ധി ഒരു പ്രതീകമോ ഐതിഹ്യകഥകളിലെ കഥാപാത്രമോ അല്ല. കെട്ടുകഥകളിലെ ആളുകള്‍ക്കെതിരെ ഉന്നയിക്കുന്നതു പോലെ സാഹിത്യ സ്വാതന്ത്ര്യത്തിന്റെ പേരില്‍ അദ്ദേഹത്തെ അപമാനിക്കുന്ന വാക്കുകള്‍ ഉപയോഗിക്കരുതെന്നും ദീപക് മിശ്ര, പ്രഫുള്ള സി പാന്ത് എന്നിവരടങ്ങിയ ബഞ്ച് അന്ന് പറഞ്ഞിരുന്നു.