മഹാരാഷ്ട്രയിലെ അഹമദ്‌നഗറിലെ ബാര്‍ ഉദ്ഘാടനം ചെയ്തത് മഹാരാഷ്ട്ര മന്ത്രിസഭയിലെ ബി.ജെ.പി മന്ത്രി രാം ഷിന്‍ഡെ

single-img
12 May 2015

Bar BJPമഹാരാഷ്ട്ര സംസ്ഥാനത്ത് സമ്പൂര്‍ണ മദ്യനിരോധനമാണ് തന്റെ സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന് സ്വന്തം മന്ത്രിസഭയില്‍ നിന്നും തിരിച്ചടി. അഹമദ്‌നഗറില്‍ ബാര്‍ ഉദ്ഘാടനത്തില്‍ ബി.ജെ.പി ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍ പങ്കെടുത്തതാണ് പ്രഖ്യാപന നീക്കങ്ങള്‍ക്ക് തിരിച്ചടി നേരിട്ടത്. ബിജെപിയില്‍ നിന്നുളള ആഭ്യന്തര സഹമന്ത്രി രാം ഷിന്‍ഡെയാണ് അഹമ്മദ്‌നഗറില്‍ ബാര്‍ ഉദ്ഘാടനം ചെയ്തത്.

ശിവസേനയില്‍ നിന്നുളള മന്ത്രി ദീപക് കേസര്‍ക്കാരും മറ്റ് പ്രധാന രാഷ്ട്രീയ കക്ഷികളുടെ നേതാക്കളും മദ്യശാലയുടെ ഉദ്ഘാടനത്തിന് ഷിന്‍ഡേയ്ക്ക് കൂട്ടായുണ്ടായിരുന്നു. നേരത്തെ തന്നെ മദ്യരഹിത ഗ്രാമമായ റാലേഗാന്‍ സിദ്ധി, വാര്‍ധ, ഗട്ചിരോലി, ചന്ദ്രപ്പൂര്‍ തുടങ്ങിയ ജില്ലകളെ പോലെ അഹമ്മദ് നഗറിനെയും സമ്പൂര്‍ണ മദ്യരഹിത ജില്ലയായക്കണമെന്ന നീക്കങ്ങള്‍ നടക്കുന്നതിനിടെയാണ് സംസ്ഥാന മന്ത്രിയുടെ ഈ ഉദ്ഘാടനം.

എന്നാല്‍ താന്‍ ഉദ്ഘാടനം ചെയ്തത് കീര്‍ത്തി റെസ്‌റ്റോറന്റ് എന്ന ഹോട്ടലാണെന്നും നേരത്തെ ഇതേ സ്ഥലത്ത് ഹോട്ടല്‍ നടത്തിയിരുന്ന ആള്‍ ഇതിനോട് അനുബന്ധിച്ച് ബാര്‍ നടത്തിയിരുന്നതാണ് വിവാദമുയരാന്‍ കാരണമെന്ന വിശദീകരണവുമായി ഷിന്‍ഡെ രംഗത്തെത്തിയിട്ടുണ്ട്. സായിബാബയുടെ ഷിര്‍ദി ആശ്രമം സ്ഥിതി ചെയ്യുന്നതും പ്രശസ്ത സാമൂഹ്യപ്രവര്‍ത്തകന്‍ അണ്ണാഹസാരെയുടെ ജന്മസ്ഥലവും അഹമ്മദ് നഗറിലാണ്.