ജീവനക്കാരെ നിരീക്ഷിക്കുന്നതിന് ഇന്‍സ്റ്റാള്‍ ചെയ്തിരുന്ന മൊബൈല്‍ ആപ്പ് നീക്കം ചെയ്ത യുവതിയുടെ പണിപോയി; ഉടമക്കെതിരെ യുവതി അഞ്ചു ലക്ഷം ഡോളറിന്റെ നഷ്ടപരിഹാര കേസ് ഫയല്‍ ചെയ്തു

single-img
12 May 2015

SMS_on_Mobile_295ന്യൂയോര്‍ക്ക്:  ജീവനക്കാരെ നിരീക്ഷിക്കുന്നതിന് കമ്പനി ഇന്‍സ്റ്റാള്‍ ചെയ്തിരുന്ന മൊബൈല്‍ ആപ്പ് നീക്കം ചെയ്ത യുവതിയെ ജോലിയിൽ നിന്നും പറഞ്ഞു വിട്ടു.  തുടര്‍ന്ന് കമ്പനിക്കെതിരെ സ്വകാര്യതാനിയമങ്ങള്‍ ലംഘിച്ചത് ഉൾപ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി യുവതി അഞ്ചു ലക്ഷം ഡോളറിന്റെ നഷ്ടപരിഹാര കേസ് ഫയല്‍ ചെയ്തു.കാലിഫോര്‍ണിയയിലെ മിര്‍ന ഏരിയാസ് എന്ന യുവതിയാണ് മുമ്പ് ജോലി ചെയ്ത ഇന്റര്‍മിക്സ് എന്ന മണി ട്രാന്‍സ്ഫര്‍ സ്ഥാപന ഉടമക്ക് എതിരെ കോടതിയെ സമീപിച്ചത്.

കമ്പനി നല്‍കിയ ഐഫോണില്‍ ജീവനക്കാരെ ജോലി സമയത്തിനു ശേഷവും നിരീക്ഷിക്കുന്നതിന് പ്രത്യേക ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തിരുന്നു എന്നാണ് പരാതി. ജി.പി.എസ് സൗകര്യമുള്ള സോറ എന്ന ജോബ് മാനേജ്മെന്റ് ആപ്പാണ് ഇന്‍സ്റ്റാള്‍ ചെയ്തത്. ഇതിനു ശേഷം, താന്‍ ജോലിസമയത്തിനു ശേഷം എവിടെ പോവുന്നു, എത്ര വേഗതയില്‍ വാഹനം ഓടിക്കുന്നു എന്നതടക്കമുള്ള കാര്യങ്ങള്‍ സ്ഥാപന ഉടമ ചോദ്യം ചെയ്തതായും പരാതിയില്‍ പറയുന്നു.

ജോലി സമയത്ത് നിരീക്ഷിക്കുന്നതില്‍ വിരോധമില്ലെന്നും അതു കഴിഞ്ഞുള്ള നേരത്ത് നിരീക്ഷിക്കുന്നത് നിയമവിരുദ്ധമാണന്നും ഉടമയെ യുവതി അറിയിച്ചിരുന്നു. എന്നാൽ ചില നിയമവിരുദ്ധ കാര്യങ്ങള്‍ സഹിക്കേണ്ടി വരുമെന്നായിരുന്നു  ഉടമ നൽകിയ മറുപടിയെന്ന് പരാതിയില്‍ പറയുന്നു. മറ്റ് ചില ജീവനക്കാരും ഇതേ പരാതി ഉന്നയിച്ചപ്പോള്‍ ആപ്പ് നിര്‍ബന്ധമാക്കി ഉത്തരവിറക്കി. തുടര്‍ന്ന്, താന്‍ ആപ്പ് നീക്കം ചെയ്തു. എന്നാൽ സ്ഥാപന ഉടമ തന്നോടെ അപമര്യാദയായി പെരുമാറുകയും ജോലിയില്‍നിന്ന് പിരിച്ചു വിടുകയും ചെയ്തതായി മിര്‍ന പരാതിയില്‍ പറഞ്ഞു.

സ്വകാര്യതാ ലംഘനം, അധാര്‍മ്മിക വാണിജ്യം, പ്രതികാര ബുദ്ധിയോടെയുള്ള പെരുമാറ്റം എന്നതടക്കമുള്ള കുറ്റങ്ങള്‍ ആരോപിച്ചാണ് ഇവര്‍ കോടതിയെ സമീപിച്ചത്. അഞ്ചു ലക്ഷം ഡോളര്‍ നഷ്ടപരിഹാരമാണ് യുവതി ആവശ്യപ്പെട്ടത്.