ഹീനമായ കുറ്റങ്ങള്‍ ചെയ്യുന്ന പ്രായപൂര്‍ത്തിയാകാത്തവര്‍ക്കും മുതിര്‍ന്നവര്‍ക്കുള്ള ശിക്ഷ;ജുവനൈല്‍ ജസ്റീസ് ബില്‍ ലോക്സഭ പാസാക്കി.

single-img
8 May 2015

Yechuri_1ക്രൂരമായ കുറ്റങ്ങള്‍ ചെയ്യുന്ന പ്രായപൂര്‍ത്തിയാകാത്തവര്‍ക്കും മുതിര്‍ന്നവര്‍ക്കുള്ള ശിക്ഷ ഉറപ്പാക്കുന്ന ജുവനൈല്‍ ജസ്റീസ് ബില്‍ ലോക്സഭ പാസാക്കി.കോണ്‍ഗ്രസ് നേതാവ് ശശി തരൂരും ആര്‍എസ്പി നേതാവ് എന്‍.കെ. പ്രേമചന്ദ്രനും ചില ഭേദഗതികള്‍ കൊണ്ടുവന്നെങ്കിലും വോട്ടെടുപ്പില്‍ വിജയിച്ചില്ല. ഭരണ-പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നടങ്കം അനുകൂലിച്ചാണ് ബില്‍ പാസാക്കിയത്.

സര്‍ക്കാര്‍ കൊണ്ടുവന്ന 42 പുതിയ ഭേദഗതികള്‍ക്കും ലോക്സഭ അംഗീകാരം നല്‍കി. 16 മുതല്‍ 18 വരെ വയസുള്ളവരുടെ ക്രൂരമായ കുറ്റങ്ങളാണു മുതിര്‍ന്നവരുടെ കുറ്റകൃത്യമായി കണക്കാക്കുക. 18 വയസു വരെയുള്ളവരെ കുട്ടികളായി കണക്കാക്കി അവര്‍ ചെയ്യുന്ന വലിയ കുറ്റങ്ങളും ജുവനൈല്‍ ജസ്റീസ് ബോര്‍ഡില്‍ വിചാരണ നടത്താന്‍ വ്യവസ്ഥ ചെയ്യുന്ന 2000ത്തിലെ ജുവനൈല്‍ ജസ്റീസ് നിയമം മാറ്റുന്നതാണ് ഇന്നലെ പാസാക്കിയ ബില്‍.

അതേസമയം, ഹീനമായ കുറ്റകൃത്യം ചെയ്യുന്ന 16നും 18നുമിടയില്‍ പ്രായമുള്ളയാളിനെ 21 വയസ് പൂര്‍ത്തിയായശേഷം അറസ്റ് ചെയ്താല്‍, അയാളെ മുതിര്‍ന്നവരായി പരിഗണിക്കുമെന്ന ബില്ലിലുള്ള ഏഴാമത്തെ വകുപ്പ് സര്‍ക്കാര്‍ തന്നെ നീക്കം ചെയ്തു. ഈ വകുപ്പ് ഒഴിവാക്കാന്‍ എന്‍.കെ. പ്രേമചന്ദ്രന്‍ എംപി ഭേദഗതി നിര്‍ദേശിച്ചെങ്കിലും സര്‍ക്കാര്‍ തന്നെ അതില്‍ ഭേദഗതി കൊണ്ടുവരുകയായിരുന്നു. കുട്ടികളുടെ നിര്‍വചനത്തിന്റെ പരിധി 18 വയസായി നിലനിര്‍ത്തണമെന്ന പ്രേമചന്ദ്രന്റെ ഭേദഗതി ഉള്‍പ്പെടെ 12 എണ്ണവും സഭ ശബ്ദവോട്ടോടെ തള്ളി.