കൈവെട്ട് കേസ്; പത്ത് പ്രതികൾക്ക് 8 വർഷം തടവ്

single-img
8 May 2015

prathiകൊച്ചി: കൈവെട്ട് കേസില്‍ കൊച്ചിയിലെ പ്രത്യേക എന്‍ഐഎ കോടതിശിക്ഷ വിധിച്ചു. 10 പ്രതികള്‍ക്കു എട്ടു വര്‍ഷം തടവും മൂന്നു പ്രതികള്‍ക്കു രണ്ടു വര്‍ഷം തടവുമാണു ശിക്ഷ.  കേസില്‍ 13 പ്രതികള്‍ കുറ്റക്കാരാണെന്നു കോടതി നേരത്തെ കണ്ടെത്തിയിരുന്നു.

കുറ്റപത്രത്തില്‍ ഉള്‍പ്പെട്ട 31 പേരില്‍ 18 പേര്‍ കുറ്റക്കാരല്ലെന്നു കണ്ട് എന്‍.ഐ.എ. കോടതി ജഡ്ജി പി. ശശിധരന്‍ വെറുതെ വിട്ടിരുന്നു. കുറ്റക്കാരെന്നു കണ്ടെത്തിയ 13 പേരില്‍ പത്ത് പേര്‍ക്ക് ഭീകരവാദ വിരുദ്ധ നിയമപ്രകാരമുള്ള കുറ്റവും ചുമത്തിയിരുന്നു. ഇവര്‍ക്കാണ് എട്ട് വര്‍ഷം തടവ് വിധിച്ചത്. ഇവര്‍ക്ക് പരമാവധി ശിക്ഷയായ ജീവപര്യന്തം നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്.

വിചാരണ തടവ് ശിക്ഷാകാലാവധിയായി കണക്കാക്കുമെന്ന് വിധി പ്രസ്താവത്തില്‍ പറഞ്ഞിരിക്കുന്നതിനാല്‍ ബാക്കി ശിക്ഷ പ്രതികള്‍ അനുഭവിച്ചാല്‍ മതിയാകും.

ഇനിയും അഞ്ച് പ്രതികള്‍ പിടിയിലാകാനുണ്ട്. പോപ്പുലര്‍ ഫ്രണ്ട് നേതാവായ 28ാം പ്രതി എം.കെ. നാസറായിരുന്നു മുഖ്യ ആസൂത്രകന്‍. ജോസഫിന്റെ കൈ മഴു കൊണ്ട് വെട്ടിമാറ്റിയ അശമന്നൂര്‍ സ്വദേശി സവാദ് കേസില്‍ ഒന്നാം പ്രതിയാണ്. ഇരുവരും ഒളിവിലാണ്.

തൊടുപുഴ ന്യൂമാന്‍ കോളജിലെ അധ്യാപകന്‍ ടി.ജെ. ജോസഫിന്റെ കൈ വെട്ടിയ കേസിലാണു വിധി. ഇന്റേണല്‍ പരീക്ഷയ്ക്കായി തയാറാക്കിയ ചോദ്യപേപ്പറില്‍ മതനിന്ദാപരമായ പരാമര്‍ശം ഉണ്ടെന്നാരോപിച്ചായിരുന്നു അധ്യാപകന്റെ കൈവെട്ടിയത്.