ലോകത്തിലെ ഏറ്റവും സഹിഷ്ണുതയുള്ള രാജ്യമാണ് ഇന്ത്യയെന്ന് പ്രശസ്ത സൗദി ചിന്തകന്‍ ഖലാഫ് അല്‍ഹര്‍ബി

single-img
7 May 2015

ARV_UNITY_SLIDE_10_24357g-

സൗദിയിലെ പ്രശസ്ത കോളമിസ്റ്റും ചിന്തകനുമായ ഖലാഫ് അല്‍ഹര്‍ബി ഇന്ത്യയുടെ സഹിണുതയെ പുകഴ്ത്തി രംഗത്തെത്തി. ലോകത്ത് ഏറ്റവും കൂടുതല്‍ സഹിഷ്ണുതയുളള രാജ്യമാണ് ഇന്ത്യയെന്ന് ‘സൗദി ഗസറ്റി’ല്‍ പ്രസിദ്ധീകരിച്ച ‘ഇന്‍ഡ്യ എ കണ്‍ട്രി ദാറ്റ് റൈഡ്‌സ് എലഫന്റ്‌സ്’ എന്ന ലേഖനത്തിലാണ് അദ്ദേഹം പ്രസ്താവിച്ചത്.

നൂറിലധികം മതങ്ങളും നൂറിലധികം ഭാഷകളുമുള്ള രാജ്യമാണ് ഇന്ത്യയെങ്കിലും ജനങ്ങള്‍ സൗഹാര്‍ദത്തോടെയും സമാധാനത്തോടെയുമാണ് കഴിയുന്നതെന്നും സൂചി മുതല്‍ റോക്കറ്റു വരെ നിര്‍മ്മിക്കാന്‍ കഴിവുളള രാജ്യം ചൊവ്വയില്‍ വരെ എത്തിയെന്നും അദ്ദേഹം പറയുന്നു. മാത്രമല്ല എല്ലാവരും കൈകോര്‍ത്ത് പിടിച്ചാണ് രാഷ്ട്രനിര്‍മ്മിതി നടത്തുന്നതെന്നും അദ്ദേഹം തന്റെ ലേഖനത്തില്‍ സൂചിപ്പിക്കുന്നു.

താന്‍ ഒറ്റ മതവും ഒറ്റ ഭാഷയും ഉളള സ്ഥലത്തു നിന്നാണ് വരുന്നതെങ്കിലും അവിടെയെല്ലാം കൂട്ടക്കുരുതി മാത്രമാണുളളതെന്നും അതിനാല്‍ തന്നെ ഇന്ത്യയെ കുറിച്ച് പറയുമ്പോള്‍ അല്‍പ്പം അസൂയ തോന്നുന്നുവെന്നും അദ്ദേഹം പറയുന്നു.
ഇന്ത്യയെ ദരിദ്രരാജ്യമായി ചിത്രീകരിക്കുന്നത് അടിസ്ഥാനരഹിതമാണെന്നും സൗദിയിലെ എണ്ണ യുഗത്തിനു മുമ്പ് ഇന്ത്യയെ സമ്പത്തിന്റെയും സംസ്‌കാരത്തിന്റെയും പശ്ചാത്തലത്തിലാണ് സൗദിക്കാര്‍ കണ്ടിരുന്നതെന്നും ലേഖനം ഓര്‍മ്മിപ്പിക്കുന്നു.

പരീക്ഷണത്തിന്റെ ഭാഗമായി എല്ലാ അറബികളെയും ഇന്ത്യയിലേക്ക് അയച്ചാല്‍ അവരിലുള്ള വിഭാഗീയതയും തീവ്രവാദവുമുള്‍പ്പെടെ ഭയരഹിത മനുഷ്യസാഗരത്തില്‍ അലിഞ്ഞു ചേരുകയും സഹോദരീസഹോദരന്‍മാരെ കൊല്ലുന്നതിനെ ന്യായീകരിക്കാന്‍ ലോകത്ത് ഒന്നിനും സാധിക്കില്ലെന്ന് മനസ്സിലാവുകയും ചെയ്യുമെന്നും അദ്ദേഹം പറയുന്നു. വൈവിധ്യവും സഹവര്‍ത്തിത്വവുമാണ് ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഡിഎന്‍എ എന്ന് പറയുന്ന അദ്ദേഹം ഇന്ത്യ പാവങ്ങളെ പുച്ഛിക്കുകയോ ധനികരെ വെറുക്കുകയോ ചെയ്യാത്ത രാജ്യമാണെന്നും പറയുന്നുണ്ട്.