വൃക്കരോഗത്തില്‍പ്പെട്ടുഴറുന്ന എട്ടുവയസ്സുകാരി മാളവികയ്ക്ക് സഹായവുമായി സുമനസ്സുകള്‍

single-img
7 May 2015

mALU

ഒരുപറ്റം മനുഷ്യ സ്‌നേഹികള്‍ നിശ്ചയിച്ചുറപ്പിച്ച കാര്യമായിരുന്നു അത്. എട്ടുവയസ്സുകാരി മാളവികയുടെ മുഖത്തെ പുഞ്ചിരി പണമില്ലെന്ന കാരണത്താല്‍ കെടാന്‍ പാടില്ല എന്നുള്ള കാര്യം. അതുകൊണ്ടുതന്നെ അവര്‍ തങ്ങള്‍ക്കാവുംവിധം ശ്രമിച്ച് തങ്ങളാല്‍ കഴിയുന്ന തുകയുമായി മാളുവിനെ കാണാനെത്തി. ആ തുക അവളുടെ കയ്യില്‍ നല്‍കി അവര്‍ പറഞ്ഞു ”മോള്‍ ധൈര്യമായി ചിരിച്ചോളു, അങ്കിള്‍മാരുണ്ട് കൂടെ”

കടുക്കോയിക്കല്‍ ബസ് മാളുവിന് വേണ്ടി നടത്തിയ കാരുണ്യയാത്രയിലൂടെയും ടീം – 16 ഫെയ്‌സ്ബുക്ക് കൂട്ടായ്മ തങ്ങളുടെ പ്രവര്‍ത്തനങ്ങളിലൂടെ സ്വരൂപിച്ചതുമായ 2.26 ലക്ഷം രൂപ മാളവികയുടെ മതാവ് ഇന്ദുവിനെ ഏല്‍പ്പിച്ചു. ചെങ്ങന്നൂര്‍ പൂത്തോട്ടുമുക്കില്‍ തോട്ടില്‍ പരേതനായ ടാക്‌സി ഡ്രൈവര്‍ മനോഹരന്റെ മകളാണു മാളു എന്ന മാളവിക.

മാളവികയുടെ ചികില്‍സയ്ക്കു പണം കണ്ടെത്താനാകാതെ വിഷമിച്ച ഇന്ദുവിന്റെ അവസ്ഥ മനസ്സിലാക്കി ബസുടമ ഷാബു വര്‍ഗീസും സാമൂഹികപ്രവര്‍ത്തകന്‍ ബാലു ശ്രീകുമാറും ചേര്‍ന്നാണ് മാളവികയുടെ ചികിത്സാ സഹായനിധി സ്വരൂപിക്കാനിറങ്ങിയത്. ചെങ്ങന്നൂര്‍ റെയില്‍വേ സ്‌റ്റേഷന് പിന്നിലെ പുറമ്പോക്കിലെ ചെറിയ ഷെഡില്‍ കഴിയുന്ന കുടുംബത്തിനായി ശ്രീകുമാര്‍ തന്റെ ബസിലെ കാരുണ്യ യാത്രയിലൂടെ 1.13 ലക്ഷം രൂപ സ്വരൂപിക്കുകയായിരുന്നു.

ഇതിനിടയില്‍ ബാലുവിന്റെ നേതൃത്വത്തിലുള്ള ടീം -16 ഫെയ്‌സ്ബുക്ക് കൂട്ടായ്മയിലൂടെ മാളുവിന്റെ അവസ്ഥയറിഞ്ഞ സഹൃദയര്‍ സഹായച്ചതിലൂടെ 1.13 ലക്ഷം രൂപയും സ്വരൂപിക്കാനായി. നഗരസഭാ കൗണ്‍സിലര്‍മാരായ സിന്ധു പൊന്നപ്പന്‍, കെ. ഷിബുരാജന്‍, ബി. സുദീപ്, എംവിഐ കെ.ജി. ഗോപകുമാര്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ ആ മനുഷ്യ സ്‌നേഹികള്‍ ആ തുക കുഞ്ഞുമാളുവിന്റെ കുടുംബത്തിന് കൈമാറി; ആ പുഞ്ചിരി കെടാതിരിക്കാന്‍.