പ്രപഞ്ചത്തിലെ ആദ്യ ജേർണലിസ്റ്റായ നാരദന്റെ ജന്മദിനം ദേശീയ മാധ്യമ ദിനമായി ആചരിക്കണമെന്ന് ആര്‍.എസ്.എസ്

single-img
7 May 2015

naradanമുംബൈ:  നാരദ മഹര്‍ഷിയുടെ ജന്മദിനം ദേശീയ മാധ്യമ ദിനമായി ആചരിക്കണമെന്ന് ആര്‍.എസ്.എസ് മുഖപത്രം.  നാരദ ജയന്തിയായ ജ്യേഷ്ഠ ശുദ്ധി ദ്വിതീയ ഇത്തവണ മെയ് ആറിനായിരുന്നുവെന്നും ഈ ദിനം മാധ്യമ ദിനമായി ആചരിക്കണമെന്നും ഓര്‍ഗനൈസറിലെ ലേഖനങ്ങൾ ആഹ്വാനം ചെയ്യുന്നു. ആര്‍.എസ്.എസ് അഖില്‍ ഭാരതീ സഹ പ്രചാര്‍ പ്രമുഖ് ജെ. നന്ദകുമാര്‍, ടൈംസ് ഓഫ് ഇന്ത്യ മുന്‍ മുംബൈ ബ്യൂറോ ചീഫ് ബാലകൃഷ്ണന്‍, ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കെ. ജി സുരേഷ് എന്നിവരുടെ ലേഖനങ്ങളാണ് മാധ്യമ ദിനത്തോട് അനുബന്ധിച്ച് ഓര്‍ഗനൈസര്‍ പ്രസിദ്ധീകരിച്ചത്.

പ്രപഞ്ചത്തിലെ ആദ്യ ജേർണലിസ്റ്റായ നാരദന്റെ  ജന്മദിനം വര്‍ഷങ്ങളായി ദേശീയവാദികള്‍ മാധ്യമദിനമായി ആചരിക്കുന്നുണ്ട്.  മതേതര വ്യവഹാരങ്ങളും സിനിമകളും നാരദനെ നെഗറ്റീവായും യുദ്ധവെറിയനായും ചിത്രീകരിക്കുകയാണ്. അതുകൊണ്ടുതന്നെ  നാരദ ജയന്തി ആഘോഷിക്കണമെന്ന് പറയുമ്പോള്‍  പലരും പുരികം ചുളിക്കുന്നുണ്ടെന്ന് നന്ദകുമാര്‍ എഴുതിയ ‘ജ്ഞാന രക്ഷാധികാരി’ എന്ന ലേഖനത്തില്‍ പറയുന്നു.

നാരദന്റെ ആശയവിനിമയങ്ങള്‍ വിശുദ്ധ ലക്ഷ്യങ്ങള്‍ ഉള്ളതായിരുന്നു  അത് സത്യത്തിന്റെയും ധര്‍മത്തിന്റെയും മഹാവിജയമായിരുന്നുവെന്നും ലേഖനത്തില്‍ പറയുന്നു. ആഴത്തില്‍ അപഗ്രഥിക്കുന്ന രീതി. കിട്ടാവുന്ന വിവരങ്ങള്‍ ശേഖരിക്കുകയും പഠിക്കുകയും ചെയ്തിരുന്നു. വരുംവരായ്കകള്‍ മുന്‍കൂട്ടി കാണാനുള്ള ശേഷി. മികച്ച ആശയപ്രകാശന രീതി ഇതിഹാസ,പുരാണ വിദഗ്ധന്‍, ആശയവിനിമയ ചാതുരി എന്നിവ നാരദനില്‍ മികച്ച ജേർണലിസ്റ്റ് ഉണ്ടായിരുന്നു എന്നതിന് തെളിവാണ്.

പ്രപഞ്ചത്തിലെ ആദ്യ റിപോര്‍ട്ടറും ജേർണലിസ്റ്റും നാരദനായിരുന്നുവെന്നും ലേഖനത്തില്‍ പറയുന്നുണ്ട്. യുധിഷ്ഠിരനുള്ള സദ്ഭരണത്തെക്കുറിച്ചുള്ള ഉപദേശങ്ങള്‍ നല്‍കുന്നതില്‍ അദ്ദേഹത്തിന്റെ മാധ്യമ പ്രവര്‍ത്തന വൈദഗ്ധ്യവും ആശയവിനിമയ ചാതുരിയും പ്രകടമാണെന്നും ലേഖനം വിശദീകരിക്കുന്നു.