അമേരിക്കയുടെ മുന്നറിയിപ്പ് മറികടന്ന് തുറമുഖം വികസന കരാറില്‍ ഇന്ത്യ-ഇറാൻ ഒപ്പ് വെച്ചു

single-img
7 May 2015

Chabaharsദില്ലി: അമേരിക്കയുടെ മുന്നറിയിപ്പിനെ മറികടന്ന് തുറമുഖം വികസിപ്പിയ്ക്കാനുള്ള കരാറില്‍ ഇന്ത്യയും ഇറാനും ഒപ്പ് വച്ചു. തെക്ക് കിഴക്കന്‍ ഇറാനിലെ ഛബാറിലാണ് പദ്ധതി പ്രദേശം. 2003 ല്‍ ധാരണയിലെത്തിയ പദ്ധതി ബുധനാഴ്ച ഇരുരാജ്യങ്ങളും ഒപ്പ് വെച്ചു. ഇറാനുമേല്‍ അന്താരാഷ്ട്ര വിലക്ക് നിലനിന്നതിനാലാണ് പദ്ധതിയുടെ കരാര്‍ ഒപ്പിടുന്നത് ഇത്രയും വൈകിയത്. ഇറാനുമായുള്ള ഇന്ത്യയുടെ സഹകരണത്തിനെതിരെ അമേരിയ്ക്ക മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും അത് അവഗണിച്ചാണ് സര്‍ക്കാര്‍ പദ്ധതിയുമായി മുന്നോട്ട് പോകുന്നത്.

ഇറാന്‍ സന്ദര്‍ശനത്തിനിടെ കേന്ദ്രമന്ത്രി നിതിന്‍ ഗഢ്ക്കരിയും ഇറാന്‍ ഗതാഗത നഗരവികസന മന്ത്രി അഹമ്മദ് അക്കൗണ്ടിയുമാണ് കരാറില്‍ ഒപ്പിട്ടത്. ഏഷ്യന്‍ രാജ്യങ്ങളുമായും പാശ്ചാത്യ രാജ്യങ്ങളുമായും ചരക്ക് ഗതാഗതവും വ്യാപാര ബന്ധങ്ങളും ശക്തിപ്പെടുത്തുന്നതിന് ഇറാനുമായുള്ള സഹകരണം അനിവാര്യമാണെന്നാണ് സര്‍ക്കാര്‍ നിലപാട്.  ഈ മേഖലയ്ക്ക് സമീപം പാക് പ്രദേശമായ ഗദ്വാറില്‍ ചൈനയുടെ സഹായത്താല്‍ പാകിസ്ഥാന്‍ തുറമുഖം വികസിപ്പിച്ചിരുന്നു.

എന്നാൽ ഇന്ത്യയ്ക്ക് മേഖലയില്‍ കാര്യമായ സ്വാധീനം ഉണ്ടാകേണ്ടത് അനിവാര്യവുമാണ്. മുന്‍പ് അഫ്ഗാനിസ്ഥാനില്‍ നിന്ന് ഛബാറിലേയ്ക്ക് റോഡ് വികസിപ്പിയ്ക്കുന്നതിന് ഇന്ത്യ പണം ചെലവഴിച്ചിരുന്നു. ആണവ ഉടമ്പടിയില്‍ ഒപ്പുവയ്ക്കുന്നതിന് ഇറാന് നല്‍കിയിരിയ്ക്കുന്ന സമയപരിധി ജൂണ്‍ 30നാണ് അവസാനിയ്ക്കുക. ഇതിന് മുന്‍പ് തിരക്കിട്ട് ഇറാനുമായി കരാറില്‍ ഒപ്പിടരുതെന്നായിരുന്നു അമേരിയ്ക്കയുടെ നിര്‍ദ്ദേശം.