‘മോദി സർക്കാരിന്റെ അവകാശവാദങ്ങള്‍ പൊള്ളയാണ്’, പാര്‍ലമെന്ററി പാര്‍ട്ടിയോഗത്തിൽ നരേന്ദ്രമോദിയെ ചോദ്യം ചെയ്ത് ബിജെപി എംപി

single-img
7 May 2015

mpന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ ചോദ്യം ചെയ്ത പാര്‍ട്ടി എംപി ബിജെപി നേതൃത്വത്തെ ഞെട്ടിച്ചു. ഭരണ നേട്ടങ്ങളെ കുറിച്ചുള്ള നേരേന്ദ്രമോദി സര്‍ക്കാരിന്റെ അവകാശവാദങ്ങളെ പാര്‍ലമെന്ററി പാര്‍ട്ടിയോഗത്തിലാണ് ബിജെപി എംപി ഭരത് സിങ് ചോദ്യം ചെയ്തത്. ഒരുവര്‍ഷം പൂര്‍ത്തിയാകുന്ന എന്‍ഡിഎ സര്‍ക്കാരിന്റെ നേട്ടങ്ങളെ കുറിച്ച് സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും ഒന്നും കാണാനില്ലെന്നായിരുന്നു ഉത്തര്‍പ്രദേശിലെ ബല്ലിയ എംപിയുടെ വിമര്‍ശനം. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ സാന്നിധ്യത്തിലാണ് എംപിയുടെ വിമര്‍ശനം എന്നതാണ് ശ്രദ്ധേയം. വിമര്‍ശനം മോദി കേട്ടുവെങ്കിലും അതിന് മറുപടിയും നല്‍കിയില്ല. അദ്ദേഹത്തിന്റെ വിമര്‍ശനത്തെ ഉത്തര്‍പ്രദേശില്‍നിന്നുള്ള മറ്റ് ചില എംപി മാര്‍ ഡസ്‌കിലടിച്ച് പ്രോത്സാഹിപ്പിച്ചു.

മോദിക്കെതിരെ പാര്‍ട്ടി ദേശീയ എക്‌സിക്യൂട്ടീവ് അംഗമായ സുബ്രഹ്ണമ്യം സ്വാമിയും രാംജേഠ് മലാനിയും അരുണ്‍ ഷൂരിയും കഴിഞ്ഞ ദിവസങ്ങളില്‍ പരസ്യ വിമര്‍ശനം നടത്തിയതിന് പിന്നാലെയാണ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ സ്വന്തം എംപി സര്‍ക്കാരിന്റെ അവകാശവാദങ്ങള്‍ പൊള്ളയാണെന്ന് വിളിച്ചുപറയുന്നത്. നരേന്ദ്രമോദിക്കുപുറമെ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്, വെങ്കയ്യനായിഡു, അരുണ്‍ ജെയ്റ്റിലി തുടങ്ങിയവര്‍ ഉള്‍പ്പടെയുള്ള മുതിര്‍ന്ന കേന്ദ്രമന്ത്രിമാരെല്ലാം പങ്കെടുത്ത യോഗത്തിലാണ് എംപിയുടെ വിമര്‍ശനം.

പാര്‍ലമെന്ററി പാര്‍ട്ടിയോഗത്തില്‍ തങ്ങളുടെ അഭിപ്രായം അറിയിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് മറ്റ് എംപിമാർ ആവശ്യപ്പെട്ടു. ഭൂമിയേറ്റെടുക്കല്‍ ബില്‍, മഴക്കെടുതി മൂലും ദുരിതത്തിലായ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ തുടങ്ങിയവയില്‍ പാര്‍ട്ടി സമ്മര്‍ദ്ദത്തിലായിരിക്കവെ ജനങ്ങളെ അഭിമുഖീകരിക്കുമ്പോള്‍ ചൂണ്ടിക്കാണിക്കാനായി നേട്ടങ്ങളൊന്നും പറയാനില്ലെന്നായിരുന്നു എംപിമാരുടെ വിമര്‍ശനം. എംപിമാരുടെ ഭാഗത്തുനിന്ന് പതിവില്ലാത്ത വിധം വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തില്‍ ഒരു മണിക്കൂര്‍ പിന്നിട്ടപ്പോഴേക്കും യോഗം പെട്ടെന്ന് അവസാനിപ്പിക്കുകയായിരുന്നു.