ഇന്ത്യ-ബംഗ്ളാദേശ് അതിര്‍ത്തി പുന:നിര്‍ണയ ബില്‍ രാജ്യസഭ പാസാക്കി

single-img
7 May 2015

kolkata_agartala_transitന്യൂഡല്‍ഹി: ഇന്ത്യ-ബംഗ്ളാദേശ് അതിര്‍ത്തി പുന:നിര്‍ണയ കരാര്‍ പ്രകാരമുള്ള ഭരണഘടനാ ഭേദഗതി ബില്‍ രാജ്യസഭ ഏകകണ്ഠമായി പാസാക്കി. ഇന്ത്യയും ബംഗ്ളാദേശും തമ്മില്‍ അതിര്‍ത്തിയിലെ ഭൂപ്രദേശങ്ങള്‍ കൈമാറാനാണ് ബില്ലിൽ വ്യവസ്ഥചെയ്യുന്നത്.  ബില്‍ വ്യവസ്ഥയാകുമ്പോള്‍ ജനവിഭാഗങ്ങളെ മാറ്റേണ്ട പ്രശ്നം ഉദിക്കില്ലെന്നും ബംഗ്ളാദേശി മേഖലയില്‍ തുടരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ബംഗ്ളാദേശി പൗരത്വവും ഇന്ത്യന്‍ മേഖലയില്‍ തങ്ങാന്‍ തീരുമാനിച്ചവര്‍ക്ക് ഇന്ത്യന്‍ പൗരത്വവും നല്‍കുമെന്നും ബില്‍ അവതരിപ്പിച്ച വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് വ്യക്തമാക്കി.

അസം, ത്രിപുര, ബംഗാള്‍, മേഘാലയ എന്നീ സംസ്ഥാനങ്ങളില്‍നിന്നുള്ള ഭാഗങ്ങള്‍ കൈമാറ്റം ചെയ്യപ്പെടുന്ന പ്രദേശങ്ങളില്‍പെടും. അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന അസമിനെ ഒഴിവാക്കി ബില്‍ അവതരിപ്പിക്കാനായിരുന്നു സര്‍ക്കാര്‍ നീക്കം. എന്നാൽ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ എതിര്‍പ്പുന്നയിച്ചിരുന്നു. രാഷ്ട്രീയം മാറ്റിവെച്ച് അസമിനെ ഉള്‍ക്കൊള്ളിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി തരുണ്‍ ഗൊഗോയ് കഴിഞ്ഞ ദിവസം മോദിക്ക് കത്തെഴുതിയിരുന്നു. തുടര്‍ന്ന് അസമിനെക്കൂടി ചേര്‍ന്ന് ബില്‍ അവതരിപ്പിക്കാന്‍ കേന്ദ്രമന്ത്രിസഭ ചൊവ്വാഴ്ച തീരുമാനിക്കുകയായിരുന്നു.

2011ല്‍ അന്നത്തെ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ്ങും ബംഗ്ളാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീനയും ചേര്‍ന്ന് ഒപ്പുവെച്ച അതിര്‍ത്തി പുനര്‍നിര്‍ണയ കരാറിനു ചുവടുപിടിച്ച് 2013ല്‍ യു.പി.എ സര്‍ക്കാര്‍ രാജ്യസഭയില്‍ ബില്‍ അവതരിപ്പിച്ചിരുന്നു. അന്ന് ബി.ജെ.പി, തൃണമൂല്‍ കോണ്‍ഗ്രസ്, അസം ഗണ പരിഷത് തുടങ്ങിയ പാര്‍ട്ടികള്‍ കടുത്ത എതിര്‍പ്പ് ഉന്നയിച്ച് പരാജയപ്പെടുത്തിയിരുന്നു.

എന്നാൽ ബുധനാഴ്ച സഭയില്‍ ഹാജരായ നൂറ്റി എണ്‍പത് അംഗങ്ങളും ബില്ലിന് അനുകൂലമായ നിലപാടെടുത്തു. അസമിന്‍െറ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുവേണ്ടിയാണ് യു.പി.എ കാലത്ത് ബി.ജെ.പി ബില്ലിനെ എതിര്‍ത്തതെന്നും ഇപ്പോള്‍ അവ പരിഗണിച്ചിട്ടുണ്ടെന്നും സുഷമ പറഞ്ഞു.  ബില്ല് പ്രാബല്യത്തില്‍ വരുന്നതില്‍ ബംഗ്ളാദേശ് ആഹ്ളാദം പ്രകടിപ്പിച്ചിട്ടുണ്ട്. ബി.ജെ.പി ഘടകത്തിന്‍െറ എതിര്‍പ്പ് പരിഹരിച്ചെങ്കിലും ബില്ലിന്‍െറ പരിധിയില്‍ ഉള്‍പ്പെടുത്തിയതിനെതിരെ അസമിലെ വിവിധ സംഘടനകള്‍ വരും ദിവസങ്ങളില്‍ പ്രക്ഷോഭം തുടരുമെന്നാണ് സൂചന.