യു.എ.ഇയുടെ ചൊവ്വാദൗത്യം പ്രഖ്യാപിച്ചു; 2020 ജൂലായിൽ പര്യവേക്ഷണമാരംഭിക്കും

single-img
7 May 2015

uaeദുബായ്: യു.എ.ഇയുടെ ചരിത്രപ്രധാനമായ ചൊവ്വാദൗത്യത്തിന്റെ പ്രഖ്യാപനം ‘എമിറേറ്റ്‌സ് മാര്‍സ് മിഷന്‍’ ആസ്ഥാനത്ത് നടന്നു.  ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആണ് പ്രഖ്യാപനം നടത്തിയത്. പേടകത്തിന് അല്‍ അമല്‍ എന്ന പേര് നിര്‍ദേശിക്കുന്നതായും ശൈഖ് മുഹമ്മദ് അറിയിച്ചു. ചൊവ്വയിലെ അന്തരീക്ഷത്തെക്കുറിച്ചുള്ള സമഗ്രപഠനം ലക്ഷ്യമിട്ടുകൊണ്ടുള്ള അല്‍ അമല്‍ പേടകം 2020 ജൂലായിലായിരിക്കും പര്യവേക്ഷണമാരംഭിക്കുക. ആറുകോടി കിലോമീറ്റര്‍ സഞ്ചരിച്ച് ഏഴുമാസത്തിനകം ലക്ഷ്യസ്ഥാനത്തെത്തുമെന്നാണ് പ്രതീക്ഷ.

മണിക്കൂറില്‍ 1,26,000 കിലോമീറ്റര്‍ എന്ന വേഗത്തില്‍ 200 ദിവസം സഞ്ചരിച്ചുകൊണ്ടായിരിക്കും അല്‍ അമല്‍ ചൊവ്വയിലെത്തുക. മന്ത്രിമാരായ ശൈഖ് സെയ്ഫ് ബിന്‍ സായിദ്, ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ്, ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനച്ചടങ്ങ് നടന്നത്. തുടര്‍ന്ന് എമിറേറ്റ്‌സ് മാര്‍സ് മിഷന്‍ മാനേജര്‍ ഉമ്രാന്‍ ശരീഫും ഡെപ്യൂട്ടി മാനേജര്‍മാരും പദ്ധതിയെക്കുറിച്ച് വിശദീകരിക്കുന്ന വീഡിയോ പ്രദര്‍ശിപ്പിച്ചു. ചൊവ്വയിലെ അന്തരീക്ഷത്തെക്കുറിച്ച് സമഗ്രവിവരം നല്‍കുന്ന ആദ്യദൗത്യമായിരിക്കും യു.എ.ഇയുടേതെന്ന് അദ്ദേഹമറിയിച്ചു.

150 എന്‍ജിനീയര്‍മാരും ഗവേഷകരുമടങ്ങുന്ന സംഘത്തിലെ മുഴുവന്‍ അംഗങ്ങളും സ്വദേശികളായിരിക്കും. 2020 ജൂലായില്‍ത്തന്നെ പേടകത്തിന്റെ വിക്ഷേപണം നടന്നിരിക്കണം. ഇക്കാര്യത്തില്‍ രണ്ടാമതൊരവസരമുണ്ടായിരിക്കില്ല. അതുകൊണ്ടുതന്നെ സമയവുമായുള്ള പന്തയമായിരിക്കുമിത് -അദ്ദേഹം പറഞ്ഞു.

ഐക്യ അറബ് നാടുകള്‍ രൂപവത്കരിച്ചതിന്റെ അമ്പതാം വാര്‍ഷികവേളയായ 2021-ല്‍ പേടകം ചൊവ്വയിലെത്തുമെന്ന് 2014-ല്‍ത്തന്നെ പ്രഖ്യാപനമുണ്ടായിരുന്നു. പദ്ധതിക്ക് രൂപം നല്‍കുന്നതിനും നടപ്പാക്കുന്നതിനുമായി യു.എ.ഇ സ്‌പേസ് ഏജന്‍സിക്ക് രൂപംനല്‍കിയിട്ടുണ്ട്.

ചൊവ്വയുടെ അന്തരീക്ഷത്തിലെ ഓരോ ചലനവും മാറ്റവും കാലാവസ്ഥാവ്യതിയാനവും സൂക്ഷ്മമായ പഠനത്തിനു വിധേയമാക്കുന്നുവെന്നതാണ് ദൗത്യത്തിന്റെ സവിശേഷത. പൊടിപടലങ്ങള്‍, മഞ്ഞ്, വാതകങ്ങള്‍, ഈര്‍പ്പം തുടങ്ങിയവയും അന്തരീക്ഷവും ഗ്രഹോപരിതലത്തെ എത്തരത്തില്‍ സ്വാധീനിക്കുന്നുവെന്നും നിരീക്ഷിക്കും.