ചാമ്പ്യന്‍സ് ലീഗ് സെമി; മടക്കമില്ലാത്ത മൂന്ന് ഗോളിന് ബയേണിനെ ബാഴ്സ മുക്കി

single-img
7 May 2015

barsaബാഴ്‌സലോണ: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഒന്നാംപാദ സെമിയില്‍  മടക്കമില്ലാത്ത മൂന്ന് ഗോളിന് ബയേണിനെ ബാഴ്സ മുക്കി.  മെസ്സി രണ്ട് ഗോളുകൾ നേടി നെയ്മര്‍ ഒന്നും.  രണ്ടാം പകുതിയിലായിരുന്നു ബാഴ്‌സയുടെ ഗോളുകള്‍ മൂന്നും. എഴുപത്തിയേഴാം മിനിറ്റിലായിരുന്നു മെസ്സിയുടെ ആദ്യ ഗോള്‍.  ഡാനി ആല്‍വസ് നൽകിയ പന്ത് ഡിഫന്‍ഡര്‍മാരുടെ ഇടയിലൂടെ നെറ്റിലേയ്ക്ക് പായിക്കുകയായിരുന്നു മെസ്സി.

രണ്ട് മിനിറ്റിനുള്ളില്‍ മെസ്സി വീണ്ടും വല കുലുക്കി. മുപ്പത് വാര അകലെ നിന്ന് പിടിച്ചെടുത്ത പന്തുമായി കുതിച്ച് മെസ്സി ഗോളി മാന്വല്‍ ന്യൂയറുടെ തലയ്ക്ക് മുകളിലൂടെ ചെത്തിയിടുകയായിരുന്നു. ചാമ്പ്യന്‍സ് ലീഗിലെ എഴുപത്തിയേഴ് ഗോള്‍ നേടി മെസ്സി ക്രിസ്റ്റിയാനോ റൊണാള്‍ഡോയേക്കാള്‍ മുന്നിലെത്തി.

നെയ്മറുടെ വകയായിരുന്നു മൂന്നാം ഗോള്‍. മെസ്സി നല്‍കിയ പന്തുമായി ഓടിയിറങ്ങിയ നെയ്മര്‍ക്ക് ന്യൂയറെ മറികടന്ന് നെറ്റിലേയ്ക്ക് ഷോട്ട് പായിച്ചു. ഇഞ്ച്വറി ടൈമിന്റെ നാലാം മിനിറ്റിലായിരുന്നു അവസാന ഗോള്‍.