പതിനാറുകാരനെ പീഡിപ്പിക്കാൻ ശ്രമിച്ച പോലിസുകാരനെ ഉദ്യോഗസ്ഥ തലത്തില്‍ സംരക്ഷിക്കുന്നു?

single-img
6 May 2015

crimeനിലമ്പൂര്‍:  പതിനാറുകാരനെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതിയായ പോലിസുകാരനെ ഉദ്യോഗസ്ഥ തലത്തില്‍ സംരക്ഷിക്കുതായി ആരോപണം. മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പരാതി നല്‍കിയിട്ടും നിലമ്പൂര്‍ സ്വദേശിയായ ഇയാളെ പോലിസ് സംരക്ഷിക്കുകയാണെന്ന് പിതാവ് പറയുന്നു.

2015 ഫെബ്രുവരി 11ന്  രാവിലെ ഫുട്‌ബോള്‍ കളിക്കുന്നതിനായി ക്ലബിലേക്ക് വരികയായിരുന്ന വിദ്യാര്‍ഥിയെ ബൈക്കില്‍ കയറ്റി കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചത്. സംഭവം നടന്നിട്ട് രണ്ടുമാസം പിന്നിട്ടിട്ടും പ്രതിയെ പിടികൂടാന്‍ പോലും പോലീസ് ഇതുവരെ തയ്യാറായിട്ടില്ല. പ്രതിയായ ഹക്കീം ഒളിവിലാണെന്ന് പോലീസ് പറയുമ്പോഴും ഇയാളുടെ മൊബൈല്‍ നമ്പര്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നതായാണ് വിവരം.

സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഇയാളെ പിടികൂടാന്‍ പോലീസിനു കഴിയുമെന്നിരിക്കെ ഇതിനുള്ള ശ്രമം പോലും നടത്തിയിട്ടില്ല. പോലീസുദ്യോഗസ്ഥനായതിനാല്‍ ഇയാളെ സംരക്ഷിക്കാനും പിന്നീട് കേസൊതുക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും ആരോപണമുണ്ട്. ചിലര്‍ രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് പ്രതിക്ക് സംരക്ഷണം നല്കുന്നതായും ആക്ഷേപമുണ്ട്. ഇതിനിടെ പ്രതി ഹൈക്കോടതിയിലും, മഞ്ചേരി സെഷന്‍സ് കോടതിയിലും നല്‍കിയ മുന്‍കൂര്‍ ജാമ്യപേക്ഷ കോടതികള്‍ തള്ളിയിട്ടുമുണ്ട്.