രൂപേഷിന്റേ അറസ്റ്റ്; പാളിയത് കേരളത്തില്‍ വേരുറപ്പിക്കുവാനുള്ള മാവോയിസ്റ്റ് ശ്രമം

single-img
6 May 2015

maiകണ്ണൂര്‍: രൂപേഷിന്റേയും സംഘത്തിന്റേയും അറസ്റ്റോടെ പാളിയത് കേരളത്തില്‍ വേരുറപ്പിക്കുവാനുള്ള മാവോയിസ്റ്റ് ശ്രമം.കേരളത്തിലെ വനവാസ മേഖലകള്‍ കേന്ദ്രീകരിച്ച് അടിസ്ഥാന വര്‍ഗത്തിന്റെ സംരക്ഷകരാണെന്ന പ്രചാരത്തോടെയാണ് രൂപേഷും സംഘവും ചുവടുറപ്പിക്കാന്‍ ശ്രമം നടത്തിയത്. 57 കൊടും മാവോയിസ്റ്റുകള്‍ ഉള്‍പ്പെടെയുള്ളവരാണ് കേരളാ-കര്‍ണ്ണാടക-തമിഴ്‌നാട് അതിര്‍ത്തികള്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനത്തിന് ഉണ്ടായിരുന്നത്.

നേരത്തെ ഈ സംഘത്തിൽ 23 സ്ത്രീകളുണ്ടെന്ന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം സംസ്ഥാന പൊലീസിനു വിവരം നല്‍കിയിരുന്നു. രൂപേഷിനു കീഴില്‍ കേരളം കേന്ദ്രീകരിച്ചുള്ള നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് സിനോജ്,വിക്രം ഗൗഡ എന്ന ശ്രീകാന്ത്,സുന്ദരി എന്ന ഗീത, ലത എന്ന മുണ്ടാഗരു ലത,മഹേഷ് എന്ന ജയണ്ണ,മല്ലിക എന്ന കവിത,കന്യാകുമാരി എന്ന സുവര്‍ണ,രവീന്ദ്ര,എ.എസ്. സുരേഷ്,ജഗനാഥ എന്ന ഉമേഷ് എന്നിവരാണ്.

മൂന്ന് ഗ്രൂപ്പുകളായി ആയിരുന്നു കേരളത്തില്‍ സജീവമായ ഇവരുടെ പ്രവര്‍ത്തനം.  കാട്ടുതീ എന്ന മുഖപത്രത്തിലൂടെ തങ്ങളുടെ ആശയം സമൂഹത്തിന് മുന്നില്‍ അവതരിപ്പിച്ച് അനുകൂല സാഹചര്യമുണ്ടാക്കുവാനാണ് ഇവര്‍ ശ്രമിച്ച് കൊണ്ടിരുന്നത്. അക്രമങ്ങളും മറ്റും നടത്തി ജനങ്ങളെ തങ്ങളുടെ നിലപാടുകളിലേക്ക് ആകര്‍ഷിക്കുവാനുള്ള ശ്രമവും വിവിധ മേഖലകളില്‍  മാവോ സംഘം നടത്തിയിരുന്നു.

ഛത്തീസ്ഗഡ് കേന്ദ്രീകരിച്ചാണ് സംഘത്തിലെ പലരും സായുധ പരിശീലനം നേടിയത്. ലക്ഷങ്ങള്‍ വില പ്രഖ്യാപിക്കപ്പെട്ട പിടികിട്ടാപുള്ളികളും ഉള്‍പ്പെടെയുള്ളവരാണ് സംഘാംഗങ്ങള്‍. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ അതിര്‍ത്തി പ്രദേശങ്ങളിൽ ഇവര്‍ തമ്പടിച്ചിട്ടുണ്ടെന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ സംസ്ഥാന പൊലീസിനു വിവരം നല്‍കിയിരുന്നു.

രൂപേഷ് ഉള്‍പ്പെടെയുള്ളവര്‍ ഇതര സംസ്ഥാനങ്ങളില്‍ നടന്ന അക്രമത്തില്‍ പങ്കെടുത്തതായി അവിടങ്ങളിലെ സേനയില്‍ നിന്നും സംസ്ഥാനത്തിന് വിവരം ലഭിച്ചിരുന്നു. സ്വയ രക്ഷയ്ക്ക് എ.കെ 47 ഉള്‍പ്പെടെയുള്ള യന്ത്രത്തോക്കും മറ്റ് ആയുധങ്ങളും കരുതിയായിരുന്നു ഇവരുടെ പ്രവര്‍ത്തനം. അക്രമങ്ങള്‍ക്കു ശേഷം കേരള-കര്‍ണ്ണാടക വനാതിര്‍ത്തിയാണ് സുരക്ഷിത ഒളിത്താവളമായി തിരഞ്ഞെടുക്കാറുള്ളത്. എന്നാല്‍ മൂന്ന് സംസ്ഥാനളുടെയും പഴുതടച്ചുള്ള പ്രവര്‍ത്തനമാണ് സംഘത്തലവന്‍ രൂപേഷുള്‍പ്പെടെയുള്ളവരെ പിടികൂടാനായത്.