സര്‍ക്കാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തിയതിനെ തുടർന്ന് കൃഷിഭൂമി വെള്ളത്തിലായി; കര്‍ഷകര്‍ 25 ദിവസമായി ജലസത്യാഗ്രഹത്തില്‍

single-img
6 May 2015

farmer-ഗോല്‍ഗാഗോണ്‍: മധ്യപ്രദേശിലെ ഗോല്‍ഗാഗോണ്‍ ഗ്രാമത്തിലെ കര്‍ഷകര്‍ 25 ദിവസമായി ജലസത്യാഗ്രഹത്തില്‍. അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തിയ സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചാണ് സമരം. 400 ഓളം കര്‍ഷകരുടെ കൃഷിഭൂമിയാണ് അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തിയതിനെ തുടര്‍ന്ന് വെള്ളത്തിലായത്. സര്‍ക്കാര്‍ എതിര്‍പ്പുകള്‍ അവഗണിച്ച് ഏപ്രിലിലാണ് ഓംകാരേശ്വര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തിയത്. വെള്ളത്തിലായ തങ്ങളുടെ കൃഷിഭൂമിയിലാണ് കര്‍ഷകരുടെ ജല സത്യാഗ്രഹം. ദിനം തോറും സമരത്തിനെത്തുന്ന കര്‍ഷകരുടെ എണ്ണം വര്‍ധിക്കുകയാണ്. അണക്കെട്ട് മൂലം വെള്ളത്തിലായ കൃഷിഭൂമിക്ക് നഷ്ടപരിഹാരമോ പകരം ഭൂമിയോ നല്‍കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.

അണക്കെട്ടിലെ ജലനിരപ്പ് 191ല്‍ 189 ആയി കുറക്കണം. ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്നും കര്‍ഷകര്‍ പറയുന്നു. സമരത്തിലുള്ള കര്‍ഷകരുടെ ആരോഗ്യസ്ഥിതി മോശമായികൊണ്ടിരിക്കുകയാണ്. ഇതേസമയം കര്‍ഷകര്‍ക്ക് ന്യായമായ നഷ്ടപരിഹാരം നല്‍കിയെന്നാണ് സര്‍ക്കാര്‍ വാദം. അണക്കെട്ട് മൂലം കൃഷിഭൂമി നഷ്ടപ്പെട്ട 6,000ത്തോളം കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കി.

എന്നാല്‍ കൃഷിഭൂമി മതിയെന്ന ആവശ്യമുന്നയിച്ച് 400 ഓളം കര്‍ഷകര്‍ നഷ്ടപരിഹാരം തിരികെ നല്‍കിയെന്നും കൃഷിഭൂമി നല്‍കിയപ്പോള്‍ 213 കര്‍ഷകര്‍ അത് സ്വീകരിച്ചില്ലെന്നും സര്‍ക്കാര്‍ കുറ്റപ്പെടുത്തുന്നു. 5000 ഹെക്ടര്‍ കൃഷിഭൂമി സര്‍ക്കാരിന്റെ കൈവശമുണ്ട്. ഇതില്‍ നിന്നും കര്‍ഷകരുടെ ഇഷ്ടപ്രകാരം ഭൂമി നല്‍കാന്‍ തയ്യാറാണെന്നും നര്‍മദ വാലി ഡെവലപ്പ്‌മെന്റ് അതോറിറ്റി വൈസ് പ്രസിഡണ്ട്  പറഞ്ഞു.

അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തിയതുമൂലം 400 ഓളം കര്‍ഷകരുടെ കൃഷിഭൂമി പൂര്‍ണമായും വെള്ളത്തിലായി. 40 ശതമാനം പലിശയ്ക്ക് പണം കടമെടുത്താണ് കൃഷിയിറക്കിയത്. കൃഷിനാശം മൂലം തങ്ങള്‍ കടത്തിലായെന്നും കര്‍ഷകര്‍ പറയുന്നു.