കണ്ണൂര്‍ വിമാനത്താവളത്തിന് കേന്ദ്രം 100 കോടി രൂപ ഉടന്‍ നൽകും

single-img
6 May 2015

airportന്യൂഡല്‍ഹി: കണ്ണൂര്‍ വിമാനത്താവളത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് കേന്ദ്രം 100 കോടി രൂപ ഉടന്‍ നൽകുമെന്ന്‌ വ്യോമയാന മന്ത്രാലയം. വിമാനത്താവള വികസന അതോറിറ്റി വാഗ്‌ദാനം ചെയ്‌ത 250 കോടിയുടെ ആദ്യ ഗഡുവാണിത്‌.  കണ്ണൂര്‍ വിമാനത്താവള പദ്ധതിയില്‍ 26 ശതമാനം ഓഹരിയെടുക്കാന്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ നേരത്തേ സമ്മതിച്ചിരുന്നു. എന്നാല്‍, ഇതുവരെ പണം കൈമാറിയിരുന്നില്ല.

ഇക്കാര്യം ചീഫ് സെക്രട്ടറി ഉന്നയിച്ചതിനെ തുടര്‍ന്നാണ് 100 കോടി ഉടന്‍ നല്‍കാന്‍ കേന്ദ്രം തയാറായത്. അതോറിറ്റിയില്‍ നിന്നുമുള്ള മുഴുവന്‍ തുകയും എത്രയും വേഗം ലഭ്യമാക്കണമെന്ന്‌ ജിജി തോംസണ്‍ ആവശ്യപ്പെട്ടു. ഗ്രീന്‍ഫീല്‍ഡ്‌ വിമാനത്താവളങ്ങളുമായി ബന്ധപ്പെട്ടു വ്യോമയാന മന്ത്രാലയം വിളിച്ച്‌ ചേര്‍ത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കണ്ണുര്‍ വിമാനത്താവളത്തിന്‌ ആവശ്യമായ അനുമതികള്‍ കിട്ടിയ സാഹചര്യത്തില്‍ കാലതാമസം കൂടാതെ തുക ലഭ്യമാക്കണമെന്ന നിലപാടിലാണ്‌ കേരളം. കേന്ദ്ര പരിസ്‌ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കുന്ന മുറയ്‌ക്ക് ആറന്മുള വിമാനത്താവള പദ്ധതിയുമായി മുന്നോട്ടുപോകുമെന്നു ജിജി തോംസണ്‍ അറിയിച്ചു.ആറന്മുള വിമാനത്താവളത്തിനു നേരത്തേ ലഭിച്ച അനുമതി റദ്ദാക്കപ്പെട്ടതിനാല്‍, വീണ്ടും പരിസ്‌ഥിതി പഠനം നടത്തേണ്ടതുണ്ട്‌. പരിസ്‌ഥിതി അനുമതി ലഭിച്ചാല്‍ മാത്രമേ തുടര്‍നടപടികള്‍ സാധിക്കൂ.