മാവോവാദികളെ ജൂണ്‍ മൂന്നുവരെ കോടതി റിമാന്‍ഡ്‌ ചെയ്തു

single-img
6 May 2015

mai

image credits: mathrubhumi

കോയമ്പത്തൂര്‍: കഴിഞ്ഞ ദിവസം പിടിയിലായ മാവോവാദികളെ ജൂണ്‍ മൂന്നുവരെ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ്‌ ചെയ്തു. രൂപേഷ് (45), ഭാര്യ ഷൈന (44), അനൂപ് (30), ണ്ണന്‍ (45), ഈശ്വര്‍ (60) എന്നിവരെയാണ് കോയമ്പത്തൂര്‍ രണ്ടാം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് റിമാന്‍ഡ് ചെയ്തത്. പ്രതികള്‍ക്കെതിരെ തമിഴ്‌നാട് ക്യൂ ബ്രാഞ്ച് പോലീസ്  ഗൂഢാലോചന, നിയമവിരുദ്ധപ്രവര്‍ത്തന നിരോധന നിയമത്തിലെ 20 -ാം വകുപ്പ് പ്രകാരമാണ് കുറ്റം ചുമത്തിയത്.  കോടതി യു. എ.പി.എ നിയമപ്രകാരം പ്രതികളെ ഒരുമാസത്തേക്ക് റിമാന്‍ഡ് ചെയ്തതു.

പ്രതികളെ ചോദ്യംചെയ്യാന്‍ വിട്ടുകിട്ടണമെന്നുകാണിച്ച് ക്യൂ ബ്രാഞ്ച് നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് കോടതി ബുധനാഴ്ചത്തേക്ക് മാറ്റി. പ്രതികള്‍ക്കുവേണ്ടി പി.യു.സി.എല്‍. അഭിഭാഷകര്‍ ബുധനാഴ്ച ജാമ്യഹര്‍ജി നല്‍കും. അതേസമയം, പ്രതികള്‍ക്കുവേണ്ടി പി.യു.സി.എല്‍. പ്രവര്‍ത്തകരായ അഭിഭാഷകര്‍ ഹാജരായി. ചോദ്യംചെയ്യാന്‍ പ്രതികളെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് കേരള പോലീസും ബുധനാഴ്ച ഹര്‍ജി നല്‍കും.

ചോദ്യംചെയ്യുന്നതിനിടെ പോലീസ് തങ്ങളെ മാനസികമായി പീഡിപ്പിച്ചെന്ന് പ്രതികള്‍ കോടതിയെ അറിയിച്ചു. ശാരീരികമായി പീഡിപ്പിച്ചോയെന്ന കോടതിയുടെ ചോദ്യത്തിന് ഇല്ലെന്നായിരുന്നു മറുപടി. ശാരീരികമായി സുഖമില്ലെന്നും ചികിത്സവേണമെന്നും ഷൈന കോടതിയില്‍ ആവശ്യപ്പെട്ടു. ഇതിന് ജയിലില്‍ സൗകര്യമൊരുക്കാന്‍ നിര്‍ദേശം നല്‍കാമെന്ന് കോടതി അറിയിച്ചു.

കോയമ്പത്തൂര്‍ പീളമേട്ടിലെ ക്യൂബ്രാഞ്ച് ഓഫീസില്‍നിന്ന് കനത്ത സുരക്ഷയിലാണ് പ്രതികളെ കോയമ്പത്തൂര്‍ കോടതിസമുച്ചയത്തിലെത്തിച്ചത്.  രണ്ടാം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കേസ് പരിഗണിക്കുന്നതിന് രണ്ടുമണിക്കൂറോളം എടുത്തു. കോടതിയിലെത്തിച്ചപ്പോഴും തിരികെ കൊണ്ടുപോകുമ്പോഴും പ്രതികള്‍ മുദ്രാവാക്യം മുഴക്കി. റിമാന്‍ഡിലായ പ്രതികളെ കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയച്ചു.