വികസന പ്രവര്‍ത്തനങ്ങള്‍ക്കായി മരം മുറിച്ചു മാറ്റാന്‍ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ അധികാരം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നു

single-img
5 May 2015

1546_deforestation

നാടിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി മരങ്ങള്‍ മുറിച്ചുമാറ്റുന്നതില്‍ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നു. ഇതിന്റെ ഭാഗമായി സ്വകാര്യഭൂമിയിലെ മരങ്ങളേയും പ്ലാന്റേഷനുകളേയും വന വിഭാഗത്തില്‍ നിന്നും ഒഴിവാക്കി വനങ്ങള്‍ക്ക് പുതിയ നിര്‍വചനം കൊണ്ടുവരാനാണ് കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. ഈ നിയമം രപാബല്യത്തിലായാല്‍ വനഭൂമി വ്യാവസായികവും വാണിജ്യവുമായ ആവശ്യങ്ങള്‍ക്കായി വെട്ടിമാറ്റാമെന്ന സ്ഥിതി സംജാതമാകും.

ടിഎസ്ആര്‍ സുബ്രഹ്മണ്യന്‍ സമിതിയുടെ ശുപാര്‍ശയുടെ ഭാഗമായി വനം, പരിസ്ഥിതി, വന്യജീവി സംരക്ഷണനിയമങ്ങള്‍ ഏകോപിപ്പിച്ച് ഒറ്റ നിയമമാക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് വനത്തിന് പുതിയ നിര്‍വചനം തയ്യാറാക്കിയിരിക്കുന്നത്. എന്നാല്‍ കഴിഞ്ഞദിവസം ലോക്‌സഭയിലെ ധനാഭ്യര്‍ഥന ചര്‍ച്ചയില്‍ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ നടപ്പാക്കരുതെന്ന് ആവശ്യമുയര്‍ന്നു വന്നിരുന്നു.

വനങ്ങളുടെ പുതിയ നിര്‍വചനമനുസരിച്ച് കൂടുതല്‍ വനമേഖലയുള്ള സംസ്ഥാനങ്ങള്‍ക്ക് വികസന പ്രവൃത്തികള്‍ നടത്തുന്നതിന് എളുപ്പം അനുമതി ലഭിക്കുകയും സ്വകാര്യഭൂമിയിലും കൃഷിയോഗ്യമല്ലാത്ത ഭൂമിയിലും നടത്തുന്ന വനവത്കരണ പരിപാടികളെ വനം എന്ന നിര്‍വചനത്തില്‍ നിന്നും ഒഴിവാക്കുകയും ചെയ്യും. ഇവയ്ക്ക് ട്രീ ലാന്‍ഡ് അഥവാ വൃക്ഷഭൂമി എന്ന പ്രത്യേക വിഭാഗം കൊണ്ടുവരാനാണ് നീക്കം.

1927ലെ ഇന്ത്യന്‍ വനനിയമം, 1980ലെ വന സംരക്ഷണനിയമം എന്നിവയനുസരിച്ചാണ് നിലവില്‍ വനത്തെ നിര്‍വചിക്കുന്നത്. സുപ്രീംകോടതി വിധിയനുസരിച്ച് രാജ്യത്തിന്റെ 20 ശതമാനം ഭൂമിയും വനത്തിന്റെ പരിധിയിലാണ് വരുന്നത്. ഇതിനെ മറികടക്കാന്‍ ഈ പുതിയ നിര്‍വചനം കൊണ്ടു സാധിക്കും.