ഒബാമയുടെ ഇന്ത്യ സന്ദര്‍ശനത്തിന് ചെലവാക്കിയ തുകയുടെ കണക്കുകള്‍ വെളിപ്പെടുത്താനാകില്ലെന്ന് കേന്ദ്രം

single-img
5 May 2015

pm-modi-with-barack-michelle-obamaഇന്ത്യ- അമേരിക്ക ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്നതിനാല്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ ഇന്ത്യാ സന്ദര്‍ശനത്തിനായി ചെലവഴിച്ച കണക്കുകള്‍ വെളിപ്പെടുത്താനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ഒബാമയുടെ ഇന്ത്യാ സന്ദര്‍ശനത്തിനായി ചിലവായ തുകയുടെ വിവരങ്ങള്‍ക്കായി സാമൂഹിക പ്രവര്‍ത്തകന്‍ അനില്‍ ഗല്‍ഗലിയാണ് വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചിരുന്നത്. ഇതിന് നല്‍കിയ മറുപടിയിലാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്.

വിവരാവകാശ നിയമത്തിലെ 8 വകുപ്പുപ്രകാരം വിദേശ പ്രതിനിധികളുടെ സന്ദര്‍ശനത്തിനായി ചെലവഴിച്ച കണക്കുകള്‍ പുറത്തുവിടാന്‍ പാടില്ലെന്ന് ഡെപ്യൂട്ടി ചീഫ് ഓഫ് പ്രോടോകോള്‍ രോഹിത് രതീഷി പറഞ്ഞു. എല്ലാ വര്‍ഷവും നിരവധി വിദേശ പ്രതിനിധികള്‍ ചര്‍ച്ചകള്‍ക്കായി രാജ്യത്ത് എത്താറുണ്ടെന്നും ഇത്തരം വിവരങ്ങള്‍ വളരെ സൂക്ഷമതയോടുകൂടി കൈകാര്യം ചെയ്യേണ്ട താണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

ഇത് വിദേശ രാജ്യങ്ങളുമായുള്ള ബന്ധത്തെ പ്രതികൂലമായി ബാധിക്കുമെന്നും കൂടാതെ ഇന്ത്യയുടെ സ്വാതന്ത്രത്തിനും സത്യസന്ധതയക്കും സുരക്ഷയ്ക്കും എതിരാകുമെന്നും ഗല്‍ഗലിക്ക് നല്‍കിയ കത്തില്‍ അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

മൂന്ന് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തില്‍ ഒബാമ ഏതൊക്കെ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു എന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാന്‍ പോലും വിദേശകാര്യ മന്ത്രാലയം തയ്യാറല്ലെന്നാണ് അറിയുന്നത്. ഈ സന്ദര്‍ശത്തിനായി പൊതുജനങ്ങളുടെ വകയായ എത്ര തുക ചെലവഴിച്ചെന്ന് വിദേശ മന്ത്രാലയം വ്യക്തമാക്കണമെന്നാണ് ഗില്‍ഗിലിന്റെ ആവശ്യം.