ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ അഴിമതിയാരോപണം കേട്ട സര്‍ക്കാരാണ് ഉമ്മന്‍ചാണ്ടിയുടേതെന്ന് ചന്ദ്രചൂഡന്‍; നെഹ്‌റുവും പട്ടേലും നയിച്ച കോണ്‍ഗ്രസ്സിനെ ഇപ്പോള്‍ നയിക്കുന്നത് കുഴിയാനകള്‍

single-img
5 May 2015

Chandrachoodan

കേരളത്തിലെ യു.ഡി.എഫിന്റെ ഘടകകക്ഷിയായ ആര്‍.എസ്.പി യുഡിഎഫ് സര്‍ക്കാരിനേയും കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തേയും രൂക്ഷമായി വിമര്‍ശിച്ച് രംഗത്ത്. ജനറല്‍ സെക്രട്ടറി ടിജെ ചന്ദ്രചൂഡനാണ് രൂക്ഷ വിമര്‍ശനങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. രാഷ്ട്രീയ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ അഴിമതിയാരോപണം നേരിട്ട സര്‍ക്കാരാണ് ഉമ്മന്‍ ചാണ്ടിയുടേതെന്നും കൂടെ നില്‍ക്കുന്നവരെ ലജ്ജിപ്പിക്കുന്ന ഭരണമാണ് അവരിപ്പോള്‍ കാഴ്ചശവയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ആര്‍എസ്പിയുടെ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് സ്വാഗതസംഘം രൂപീകരിക്കുന്ന യോഗത്തിലാണ് ചന്‍ര്‌നചൂഡന്‍ വിമര്‍ശനങ്ങളുമായി എത്തിയത്. തെറ്റു ചെയ്തവരെ ചെവിക്ക് പിടിച്ചു പുറത്താക്കാന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതൃത്വവും തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കോണ്‍ഗ്രസ് ദേശിയ നേതൃത്വത്തെയും അദ്ദേഹം വെറുതെ വിട്ടില്ല. മഹാന്‍മാരായ ജവഹര്‍ലാല്‍ നെഹ്രുവും സര്‍ദാര്‍ വല്ലാഭായ് പട്ടേലും നയിച്ച കോണ്‍ഗ്രസ്സിനെ ഇപ്പോള്‍ നയിക്കുന്നത് കുഴിയാനകളാണെന്ന് അദ്ദേഹം പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാതെ അമ്മയും മകനും ഒളിച്ചോടിയെന്ന് സോണിയയെയും രാഹുലിമനയും പരാമര്‍ശിച്ച് അദ്ദേഹം പറഞ്ഞു.

യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചന്‍ ചന്ദ്രചൂഡന്റെ പ്രസ്താവനകള്‍ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. പരാമര്‍ശം ദൗര്‍ഭാഗ്യകരമായിപ്പോയെന്നും പ്രസ്താവനകള്‍ മുന്നണി മര്യാദയുടെ ലംഘനമാണെന്നും അദ്ദേഹം കുറ്റശപ്പടുത്തി. മുന്നണിക്കെതിരെ എന്തെങ്കിലും സംസാരിക്കാനുണ്ടെങ്കില്‍ അത് യുഡിഎഫിനുള്ളിലായിരുന്നു വേണ്ടിയിരുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.