അബ്ദുള്‍ റഷീദ്; ഇക്കാലത്തും ഇങ്ങനേയും മനുഷ്യരോ എന്ന് ചിന്തിക്കുന്നവര്‍ക്കുള്ള ദൃഷ്ടാന്തം

single-img
5 May 2015

aBDUL RASHEED

പുലര്‍ച്ചേ 5 മണിക്കാണ് തിരുവനന്തപുരം കണ്ണാന്തുറ റിജി ഹൗസിലെ അബ്ദുള്‍ റഷീദ് എന്ന ഓട്ടോഡ്രൈവറുടെ ഒരു ദിവസം ആരംഭിക്കുന്നത്. തന്റെ കെ.എല്‍. 01 എഇ 5084 എന്ന ഓട്ടോയുമായി വീട്ടില്‍ നിന്നും പുറപ്പെടുന്ന അബ്ദുള്‍ റഷീദ് പെട്രോള്‍ പമ്പില്‍ ചെന്ന് 2 ലിറ്റര്‍ അടിച്ചശേഷം റീജണല്‍ കാന്‍സര്‍ സെന്ററില്‍ ചികിത്സതേടിയെത്തുന്നവരും അവരുടെ കൂട്ടിരിപ്പുകാരും താമസിക്കുന്ന ഉള്ളൂരിലെ കാരുണ്യസെന്റര്‍, കുമാരപുരം ഡീപോള്‍, സിഎച്ച് സെന്റര്‍ എന്നിവിടങ്ങളില്‍ എത്തും. അവിടെ കാത്തു നില്‍ക്കുന്ന രോഗികളേയും ബന്ധുക്കളേയും കൊണ്ട് നേരെ ക്യാന്‍സര്‍ സെന്ററിലേക്ക് പോകും. അവിടെ നിന്നുള്ളവരേയും കൊണ്ട് നേരെ തിരിച്ചും. ഉച്ചവരെ നീളുന്ന തികച്ചും സൗജന്യമായ ഈ ഒരു സേവനത്തിനു ശേഷമാണ് അബ്ദുള്‍ റഷീദ് തന്റെ കുടുംബത്തിനു വേണ്ടി വാഹനം ഓടിക്കാനിറങ്ങുന്നത്.

ഇക്കാലത്ത് ഇങ്ങനെയും മനുഷ്യരോ എന്ന് ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തമാണ് അബ്ദുള്‍ റഷീദിന്റെ ജീവിതം. കഷ്ടപ്പാടുകളാല്‍ വീര്‍പ്പുമുട്ടുന്ന കുടുംബമാണ് അദ്ദേഹത്തിന്റേതെങ്കിലും പാവപ്പെട്ടവരും നിരാലംബരുമായ രോഗികളെ വാഹനത്തില്‍ പോകാന്‍ കാശില്ല എന്ന കാരണത്താല്‍ അബ്ദുള്‍ റഷീദ് അലയാന്‍ വിടാറില്ല. തമ്പാനൂര്‍ റെയില്‍വേസ്‌റ്റേഷനിലും ബസ് സ്‌റ്റേഷനിലുമൊക്കെ അബ്ദുള്‍ റഷീദിനെ നമുക്ക് കാണാം. പാവപ്പെട്ടവന്റെ കണ്ണീരിന്റെ വിലയറിഞ്ഞ ഒരു സഹോദരന്റെ മനസ്സോടെ അവര്‍ക്ക് തുണയായി.

നാലുവര്‍ഷമായി തുടങ്ങിയ ഈ സേവനം ഇന്നും തുടര്‍ന്നുപോകുന്നതിന് അബ്ദുള്‍ റഷീദിന് കാരണങ്ങളുണ്ട്. ആരോരും സഹായിക്കാനില്ലാതെ കഷ്ടപ്പാടിന്റെ വേദന നേരിട്ടുകണ്ട ഒരു അനുഭവവും അബ്ദുള്‍റഷീദിനുണ്ട്. നാലുവര്‍ഷം മുമ്പ് കേശവദാസപുരത്തുനിന്നും ആര്‍.സി.സിയിലേക്ക് തന്റെ ഓട്ടോ ഓട്ടം വിളിച്ച ഒരു കുടുംബം യാത്രയ്ക്കിടയില്‍ ഓട്ടോയിലിരുന്ന് തന്നെ ക്യാന്‍സര്‍ ബാധിച്ച മൂന്നുമാസം മാത്രം പ്രായമുള്ള തന്റെ പറക്കമുറ്റാത്ത പൊന്നു മോള്‍ക്കു വേണ്ടി കരഞ്ഞതും അന്യോന്യം ആശ്വസിപ്പിച്ചതും അബ്ദുള്‍ റഷീദിനെ സാക്ഷിയാക്കിയായിരുന്നു. പാലക്കാട്ട് നിന്നും തിരുവനന്തപുരത്ത് വന്ന ആ മാതാപിതാക്കള്‍ തങ്ങളുടെ ഏകമകളെ രക്ഷപ്പെടുത്തുകയെങ്ങനെയെന്നുപോലും ചിന്തിക്കാന്‍ കഴിയാത്ത രീതിയില്‍ അവശരുമായിരുന്നു.

ആര്‍.സി.സിയുടെ മുന്നില്‍ ഓട്ടോനിര്‍ത്തി അവര്‍ നല്‍കിയ മുഷിഞ്ഞ നോട്ടുകള്‍ വാങ്ങിയപ്പോള്‍ പോലും ആ കുഞ്ഞിന്റെ മുഖവും മാതാപിതാക്കളുടെ വിഹ്വലതയും ഒരു നൊമ്പരമായി തന്റെ മനസ്സില്‍ തറയ്ക്കുമെന്ന് അദ്ദേഹം കരുതയില്ല. പക്ഷേ അന്ന് രാത്രി അബ്ദുള്‍ റഷീദിന് ഉറങ്ങാന്‍ കഴിഞ്ഞില്ല. 35 വര്‍ഷമായി ഓട്ടോയോടിക്കുന്ന അബ്ദുള്‍ റഷീദ് ഉറങ്ങാതെയിരുന്ന് നേരം വെളുപ്പിച്ച് നേരെ പോയത് അവശര കഴിഞ്ഞ ദിവസം കൊണ്ട് ചെന്ന് ഇറക്കിയ ആര്‍.സി.സിയിലേക്കായിരുന്നു. അവര്‍ തന്ന കാശ് തിരികെ കൊടുക്കാന്‍. പക്ഷേ അവശര കണ്ടുപിടിക്കാനോ ആ കാശ് തിരികെ കൊടുക്കാനോ അബ്ദുള്‍ റഷീദിന് കഴിഞ്ഞില്ല.

നിരാശനായി തിരികെ വന്ന അബ്ദുള്‍ റഷീദ് കടുത്ത നിരാശയിലേക്കാണ് വഴുതിവീണത്. മനസ്സിന്റെ അസ്വസ്ഥത അദ്ദേഹത്തെ ജോലിക്ക് പോകാന്‍ സമ്മതിച്ചില്ല. ഒടുവില്‍ ഒരാഴ്ചയ്ക്ക് ശേഷം അബ്ദുള്‍ റഷീദ് ഓട്ടോയെടുത്തത് പുതിയൊരു തീരുമാനത്തോടെയായിരുന്നു. ആര്‍.സി.സിയിലേക്ക് ചികിത്സ തേടിയെത്തുന്ന ആരില്‍ നിന്നും ഇനി ഓട്ടോക്കൂലി വാങ്ങില്ലെന്ന തീരുമാനത്തോടൊപ്പം രാവിലെ മുതല്‍ ഉച്ചവരെയുള്ള സമയം അവര്‍ക്കായി നീക്കിവെയ്ക്കാനും അബ്ദുള്‍ റഷീദ് തയ്യാറായി.

2011 ജൂണ്‍ 15-നു തന്റെ ഓട്ടോയുടെ പിറകില്‍ ആര്‍.സി.സിയിലേക്ക് ചികിത്സ തേടി എത്തുന്ന ആരില്‍നിന്നും ഇനി ഓട്ടോച്ചാര്‍ജ് ഈടാക്കില്ല എന്ന ബോര്‍ഡും അബ്ദുള്‍ റഷീദ് വെച്ചു. മലയാളത്തില്‍ മാത്രമല്ല തമിഴ്, ഇംഗ്ലീഷ് ഭാഷകളിലും ആ ബോര്‍ഡ് ഓട്ടോയ്ക്ക് പിറകിലുണ്ട്. ഉച്ചമുതല്‍ രാത്രിവരെ ഓടിക്കിട്ടുന്ന 750 രൂപയോളം കൊണ്ട് തന്റെ കുടുംബത്തിന്റെ വിശപ്പുമാറ്റാനും ബാക്കിയുള്ള സമയം നിര്‍ദ്ധനരായ രോഗികളെ സഹായിക്കാനും അബ്ദുള്‍ റഷീദ് ഇന്ന് തന്റെ ജീവിതം നീക്കിവെച്ചിരിക്കുന്നു.

ഒരിക്കല്‍ ആര്‍.സി.സിയില്‍ നിന്നും ഒരു കുഞ്ഞിനേയും കൊണ്ട് കയറിയ മാതാപിതാക്കള്‍ 30 കിലോമീറ്റര്‍ അപ്പുറമുള്ള ആറ്റിങ്ങലിലാണ് ഇറങ്ങിയത്. ഇറങ്ങിയപ്പോഴാണ് അറിയുന്നത് അവരുടെ കയ്യില്‍ കാശില്ല എന്ന കാര്യം. ഒരു വിഷമവും പറയാതെ അബ്ദുള്‍ റഷീദ് അവരെ ചിരിച്ചുകൊണ്ട് യാത്രയാക്കി. പക്ഷേ ഇത്രയും ദൂരയുള്ള യാത്ര ഒരു രപാരാബ്ദക്കാരനായ തനിക്ക് താങ്ങാന്‍ കഴിയില്ലെന്ന് മനസ്സിലാക്കിയ അബ്ദുള്‍ റഷീദ് സൗജന്യ സേവനം ആര്‍.സി.സിയുടെ 7 കിലോമീറ്റര്‍ പരിധിയിലെന്ന് ബോര്‍ഡു മാറ്റിവെച്ചു. ഒരു പക്ഷേ അതില്‍ കൂടുതലായാലും അബ്ദുള്‍ റഷീദ് പോകുമെന്നുള്ളതാണ് സത്യം.

മറ്റൊരിക്കല്‍ കുമാരപുരത്തുവെച്ച് അബ്ദുള്‍ റഷീദിന്റെ വാഹനം മൊബൈല്‍ കോടതി പിടികൂടി. പൊല്ലൂഷന്‍ സര്‍ട്ടിഫിക്കറ്റ് കയ്യിലില്ലാത്തതിനാല്‍ 3000 രൂപ പിഴയുമിട്ടു. പിഴയീടാക്കുന്നതിനിടയില്‍ യാത്ര എങ്ങോട്ടാണെന്ന് ജഡ്ജിയുടെ ചോദ്യത്തിന് ആര്‍.സി.സിയിലേക്കാണെന്ന് അബ്ദുള്‍ റഷീദ് മറുപടി പറഞ്ഞു. എത്ര രൂപയാണ് ആര്‍.സി.സിയിലേക്കുള്ള യാത്രയ്ക്ക് ഈടാക്കുന്നതെന്നായി അടുത്ത ചോദ്യം. സൗജന്യമാണെന്ന് മറുപടി പറഞ്ഞപ്പോള്‍ ജഡ്ജി ആദ്യം ഒന്ന് അമ്പരന്നു. അവിടെ വെച്ചുതന്നെ കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ച് മനസ്സിലാക്കിയ ജഡ്ജി പിഴ അദ്ദേഹത്തിന്റെ കയ്യില്‍ നിന്നും അടച്ച് അബ്ദുള്‍ റഷീദിനോട് പുകപരിശോധന നടത്തണമെന്ന നിര്‍ദ്ദേശത്തോടെ പോകാന്‍ പറയുകയുമായിരുന്നു.

അബ്ദുള്‍ റഷീദിന്റെ ഈ സേവനങ്ങള്‍ അറിഞ്ഞ പലരും അദ്ദേഹത്തിന് പണം നല്‍കി സഹായിക്കാറുണ്ട്. ഈ പണത്തില്‍ ഒരു ചില്ലിക്കാശുപോലും കുറവ് വരാതെ രോഗികളുടെ കയ്യില്‍ എത്താറുമുണ്ട്. അതങ്ങനെതന്നെയാകണമെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ട്. അതുകൊണ്ടുതന്നെയാണ് ഈ സേവന ജീവിതത്തിനിടയിലും ഭാര്യ നബീസാ ബീവിയോടും കൂലിവേലയ്ക്ക് പോകുന്ന റിജി, റിയാസ് എന്നീ മക്കളോടും അദ്ദേഹത്തിന് സന്തോഷപൂര്‍വ്വം ജീവിതം ജീവിച്ചുതീര്‍ക്കാന്‍ കഴിയുന്നതും.