ഐ.ജി കോപ്പിയടിച്ചതിന്റെ തെളിവ് ലഭിച്ചെന്ന് ഡെപ്യൂട്ടി രജിസ്ട്രാര്‍

single-img
5 May 2015

tj-joseകൊച്ചി: എല്‍.എല്‍.എം പരീക്ഷയ്ക്ക് ഐ.ജി ടി.ജെ ജോസ് കോപ്പിയടിച്ചതിന്റെ തെളിവ് ലഭിച്ചെന്ന് എംജി സര്‍വകലാശാല ഡെപ്യൂട്ടി രജിസ്ട്രാര്‍. റിപ്പോര്‍ട്ട് ഉടന്‍തന്നെ വൈസ് ചാന്‍സലര്‍ക്കും പരീക്ഷാ കണ്‍ട്രോളര്‍ക്കും നല്‍കും. തൂവാലയ്ക്കുളളില്‍ ഗൈഡിന്റെ ഫോട്ടോസ്റ്റാറ്റ് കോപ്പി വെച്ചാണ് കോപ്പിയടി നടത്തിയത്.

ഐ.ജിയോട് നിര്‍ബന്ധിത അവധിയില്‍ പോകാന്‍ ആഭ്യന്തര വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഉത്തരമേഖല എ.ഡി.ജി.പി ശങ്കര്‍ റെഡ്ഡിയെ ചുമതലപ്പെടുത്തുകയും ചെയ്തു. കളമശ്ശേരി സെന്റ് പോള്‍സ് കോളേജില്‍ നടന്ന മഹാത്മാഗാന്ധി സര്‍വകലാശാല ഓഫ് കാമ്പസ് എല്‍.എല്‍.എം രണ്ടാം സെമസ്റ്റര്‍ പരീക്ഷയ്ക്കിടെയാണ് സംഭവം.

പിടിയിലായ ഐ.ജി.യെ പരീക്ഷാഹാളില്‍ നിന്ന് ഇറക്കിവിട്ടു. ഐ.ജിക്കെതിരെ ആഭ്യന്തരമന്ത്രിയും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഐ.ജി കോപ്പിയടിച്ച വിവരം ഡി.ജി.പി ബാലസുബ്രഹ്മണ്യം സ്ഥിരീകരിക്കുകയും ചെയ്തു.

തിങ്കളാഴ്ച നടന്ന എല്‍.എല്‍.എം ഓഫ് കാമ്പസ് രണ്ടാം സെമസ്റ്ററിലെ ‘ലോസ് ക്രൈം’ പരീക്ഷയിലാണ് ഐജി കോപ്പിയടിച്ചത്. പിടികൂടിയിരിക്കുന്നത് ഐ.ജിയെയാണെന്ന് പരീക്ഷാ നടത്തിപ്പുകാര്‍ക്ക് അറിയില്ലായിരുന്നു. എന്നാൽ താന്‍ ഐ.ജിയാണെന്ന് പറഞ്ഞ് വൈസ് പ്രിന്‍സിപ്പലും മാനേജ്‌മെന്റ് പ്രതിനിധികളും എത്തുമ്പോഴേക്കും കോപ്പിയടിയുടെ ഏക തെളിവായ തുണ്ടുകടലാസുകളുമായി അദ്ദേഹം സ്ഥലം കാലിയാക്കിയിരുന്നു.