അടിവസ്ത്രങ്ങളിൽ ബ്ലൂടൂത്തും മൈക്രോ ചിപ്പും ഘടിപ്പിച്ച് പരീക്ഷയിൽ കോപ്പിയടി നടത്തുന്ന നാലംഗ സംഘം പിടിയിൽ

single-img
5 May 2015

exam-copyദില്ലി: ഹൈടെക് സംവിധാനം ഉപയോഗിച്ച് പരീക്ഷയിൽ കോപ്പിയടി നടത്തുന്ന നാലംഗ സംഘം ഹരിയാനയില്‍ അറസ്റ്റിലായി. അഖിലേന്ത്യ പ്രീ മെഡിക്കല്‍ പരീക്ഷയില്‍ തട്ടിപ്പ് നടത്തിയ രണ്ട് ദന്ത ഡോക്ടര്‍മാരും ഒരു എംബിബിഎസ് വിദ്യാര്‍ത്ഥിയും ഉള്‍പ്പെടെ നാല് പേരാണ് ഹരിയാനയിലെ റോത്തക്കില്‍ അറസ്റ്റിലായത്. വിദ്യാര്‍ത്ഥികള്‍ക്ക് ബ്ലൂ ടൂത്ത് ഘടിപ്പിച്ച അടിവസ്ത്രങ്ങള്‍ നല്‍കിയ ശേഷം ഇത് വഴിയാണ് ഇവര്‍ ശരിയുത്തരങ്ങള്‍ പരീക്ഷഹാളിലേക്കയച്ചിരുന്നത്.

പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ബ്ലൂടൂത്തും മൈക്രോ ചിപ്പുകളും ഘടിപ്പിച്ച അടിവസ്ത്രങ്ങളും ഇവയില്‍ നിന്നുള്ള സന്ദേശങ്ങള്‍ സ്വീകരിക്കാന്‍ വേണ്ട ചെറിയ ഇയര്‍ഫോണുകളും വാച്ചുകളും നല്‍കും. ഇതു വഴി ശരിയുത്തരങ്ങളുടെ സൂചിക പരീക്ഷയെഴുതുന്നവര്‍ക്ക് സംഘം അയച്ചു കൊടുക്കും. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പരീക്ഷയെഴുതാനെത്തിയവരെ പരിശോധനക്ക് വിധേയരാക്കിയപ്പോഴാണ് തട്ടിപ്പ് വിവരം പുറത്തായത്.

തട്ടിപ്പ് സംഘത്തിന്റെ പക്കല്‍ നിന്നും പരീക്ഷയുടെ ഉത്തരസൂചിക പിടികൂടിയിട്ടുണ്ട്. അതിനാല്‍ പരീക്ഷക്ക് മുമ്പ് ചോദ്യം പേപ്പര്‍ ചോര്‍ന്നോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. കേസില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്ന് റോത്തക് പൊലീസ് അറിയിച്ചു.