ഉമ്മന്‍ചാണ്ടിയുടെ ആശ്വാസവാക്കുകളിലും വീഴാതെ വീരേന്ദ്രകുമാര്‍

single-img
4 May 2015

jainsamaj-veerendrakumar120111കോട്ടയം :മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷവും വീരേന്ദ്രകുമാര്‍ പൂര്‍ണ്ണതൃപ്തനല്ലെന്ന് അദേഹത്തോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു. നാളെ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനുമായും രമേശ് ചെന്നിത്തലയുമായി നടത്തുന്ന ചര്‍ച്ചയ്ക്ക് ശേഷമേ എന്തെങ്കിലും തീരുമാനമെടുക്കാന്‍ സാധിക്കുവെന്ന നിലപാടിലാണ് വീരേന്ദ്രകുമാര്‍. ജെഡിയു ഉന്നയിച്ച പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്ന് കോഴിക്കോട്ടു നടന്ന കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വീരേന്ദ്രകുമാറിന് ഉറപ്പ് നല്‍കി.

എന്നാല്‍ പാലക്കാട്ട് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എംപി.വീരേന്ദ്രകുമാര്‍ തോറ്റത് സംബന്ധിച്ച യു.ഡി.എഫ് സമിതിയുടെ റിപ്പോര്‍ട്ടില്‍ നടപടി എടുക്കണം. പാലക്കാട് ഡി.സി.സി. പ്രസിഡന്റ് സി.വി.ബാലചന്ദ്രന്‍ ഉള്‍പ്പടെ നാല് കോണ്‍ഗ്രസ് നേതാക്കളെ പാലക്കാട് തോല്‍വിയില്‍ കുറ്റക്കാരായി സമിതി കണ്ടെത്തിയിരുന്നു. പാര്‍ട്ടി ഉന്നയിച്ച സംഘടനാപരമായ മറ്റ് പരാതികള്‍ക്ക് പരിഹാരം കാണണം തുടങ്ങിയവയാണ് പ്രധാന ആവശ്യം . യു.ഡി.എഫ് യോഗത്തില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ജെഡിയു ആലോചിക്കുന്നതിനിടെയാണ് ഇന്നലെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വീരേന്ദ്രകുമാറിനെ കണ്ടത്. നിലവില്‍ ജെഡിയു മുന്നണി വിട്ടുപോയാല്‍ ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങള്‍ മുന്നില്‍ കണ്ടാണ് അനുനയ ശ്രമങ്ങളുമായി കോണ്‍ഗ്രസ് നേതാക്കള്‍ മുന്നിട്ടിറങ്ങിയിരിക്കുന്നത്. വീരേന്ദ്രകുമാറിനെ അനുനയിപ്പിക്കുകയും പാര്‍ട്ടി യു.ഡി.എഫ് വിടുന്നത് തടയുകയുമാണ് മുഖ്യമന്ത്രിയുടെ ദൗത്യം. അതേസമയം, ദേശീയ തലത്തില്‍ ദള്‍ കക്ഷികള്‍ ഒന്നിച്ച് ജനതാ പരിവാര്‍ രൂപം കൊള്ളുന്ന സാഹചര്യത്തില്‍ കേരളത്തിലും രണ്ടു ദള്‍ പാര്‍ട്ടികളും ഒന്നിക്കേണ്ടി വരും. അപ്പോള്‍ സംയുക്ത പാര്‍ട്ടി എവിടെ നില്‍ക്കും എന്നത് സംബന്ധിച്ചും വരുംദിവസങ്ങളില്‍ ചര്‍ച്ച ചൂട്പിടിക്കും.