വരന് പണമെണ്ണാൻ അറിയില്ല; വധു വിവാഹത്തിൽ നിന്നും പിന്മാറി

single-img
4 May 2015

marriageബലിയ: പണമെണ്ണാൻ അറിയാത്ത യുവാവിനെ കതിർമണ്ഡപത്തിൽ വെച്ച് വിവാഹം കഴിക്കാൻ വധു വിസമ്മതിച്ചു. ഉത്തര്‍പ്രദേശിലെ ബലിയയിലാണ് സംഭവം. യുവതി ബിരുദധാരിയായിരുന്നു, എന്നാൽ തന്നെ കെട്ടാന്‍വന്ന പയ്യന്‍ നിരക്ഷരനാണെന്ന് വധുവിന് സംശയം തോന്നി. ഉടൻ തന്നെ വധു കുറച്ച് പണമെടുത്ത് വരന്റെ കൈയ്യിൽ നൽകിയ ശേഷം എണ്ണി തിട്ടപ്പെടുത്താൻ ആവശ്യപ്പെട്ടു. എന്നാൽ ഈ പരീക്ഷയില്‍ വരന്‍ പൂര്‍ണമായും പരാജയപ്പെടുകയായിരുന്നു. തുടർന്ന് അക്ഷരാഭ്യാസമില്ലാത്ത പങ്കാളിയെ തനിക്ക് വേണ്ടെന്ന് യുവതി കതിര്‍മണ്ഡപത്തില്‍ വെച്ചു തന്നെ പറഞ്ഞു.

വരന്‍ മനോജ് കുമാറിനാണ് തന്റെ നിരക്ഷരത പാരയായത്. വിവാഹത്തിന്റെ പ്രാഥമികചടങ്ങുകള്‍ പൂര്‍ത്തിയായശേഷമാണ് വരന്‍ നിരക്ഷരനാണെന്ന് വധുവിന് സംശയം തോന്നിയതും തുടര്‍ന്ന് വിവാഹച്ചടങ്ങിനിടെ വധു വരനോട് രൂപയെണ്ണാന്‍ ആവശ്യപ്പെട്ടതും. എന്നാല്‍ എണ്ണി പൂര്‍ത്തിയാക്കാൻ വരനു കഴിഞ്ഞില്ല. വിവാഹം മുടങ്ങിയതിന് ഇരുകൂട്ടരുടെയും ബന്ധുക്കള്‍തമ്മില്‍ തര്‍ക്കം ഉണ്ടായി. പരിഹാരമുണ്ടാക്കാന്‍ പഞ്ചായത്ത് യോഗം ചേര്‍ന്നെങ്കിലും വരന്റെ ബന്ധുക്കള്‍ പങ്കെടുക്കാതെ മടങ്ങി.