മന്ത്രി ആര്യാടന്‍ നടത്തിയ കോടികളുടെ അഴിമതിയെ കുറിച്ച് തന്റെ പക്കൽ തെളിവുണ്ടെന്ന് പി.സി ജോര്‍ജ്‌

single-img
4 May 2015

27-1427443488-pc-georgeകോഴിക്കോട്‌: വൈദ്യുതിമന്ത്രി ആര്യാടന്‍ മുഹമ്മദ്‌ നടത്തിയ കോടികളുടെ അഴിമതിയെ കുറിച്ച് തന്റെ പക്കൽ തെളിവുണ്ടെന്ന് പി.സി ജോര്‍ജ്‌. സമയമാകുമ്പോള്‍ അതു പുറത്തുവിടുമെന്നും ജോർജ് പറഞ്ഞു. അഴിമതി ദേശസാല്‍ക്കരിച്ചതിനു തെളിവാണു ജനസമ്പര്‍ക്കത്തട്ടിപ്പ്‌. രാജാവ്‌ പ്രജകള്‍ക്കു കൊടുക്കുന്നതുപോലെ ഖജനാവിലെ പണമെടുത്തു വാരിവിതറാന്‍ ഉമ്മന്‍ ചാണ്ടിക്ക്‌ ആര്‌ അധികാരം കൊടുത്തു? പ്രതിച്‌ഛായ നഷ്‌ടപ്പെട്ട ഉമ്മന്‍ ചാണ്ടിക്ക്‌ അധികാരത്തില്‍ തുടരാന്‍ അവകാശമില്ല.

കെ. കരുണാകരനെയും ആന്റണിയേയും മലര്‍ത്തിയടിച്ച അദ്ദേഹമിപ്പോള്‍ അധികാരത്തില്‍ കടിച്ചുതൂങ്ങുകയാണ്‌. ഇങ്ങനെ പോയാല്‍ ജൂണ്‍-ജൂലൈ ആകുമ്പോഴേക്കു സര്‍ക്കാര്‍ നിലംപതിക്കും. റബര്‍ കര്‍ഷകര്‍ക്കു കണ്‌ഠകോടാലിയായ കെ.എം. മാണി അവതരിപ്പിച്ച ബജറ്റ്‌ സംസ്‌ഥാനചരിത്രത്തില്‍ ഏറ്റവും നാണംകെട്ടതാണ്‌.

റബര്‍ കര്‍ഷകര്‍ക്കു 100 കോടി കൊടുക്കാമെന്നു പറഞ്ഞ മാണി ഇതുവരെ വിതരണം ചെയ്‌തതു വെറും പന്ത്രണ്ടരക്കോടി മാത്രമാണ്. എന്നിട്ടും കര്‍ഷകസ്‌നേഹിയാണെന്നു പറഞ്ഞ്‌ മാണി ഞെളിഞ്ഞു നടക്കുകയാണെന്ന് ജോര്‍ജ്‌ പരിഹസിച്ചു.