വിജിലന്‍സ് ഡയറക്ടര്‍ തുറന്നുപറഞ്ഞത് അതീവ ഗുരുതരവിഷയം- കോടിയേരി ബാലകൃഷ്ണന്‍

single-img
4 May 2015

VS-new-stance-will-help-the-party-Kodiyeri12തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ തുറന്നുപറഞ്ഞത് അതീവ ഗുരുതരവിഷയമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സംസ്ഥാനത്ത് അഴിമതിക്കാരായ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ക്രിമിനലുകളും ചേര്‍ന്ന കൂട്ടുകെട്ടാണെന്നും സര്‍ക്കാര്‍ സമ്മര്‍ദംമൂലം സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ലെന്നും ഡയറക്ടര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ഒൗദ്യോഗികസ്ഥാനം വഹിക്കുന്ന ഉദ്യോഗസ്ഥമേധാവിക്ക് ഇങ്ങനെ പറയേണ്ടിവരുന്നത് ചരിത്രത്തിലാദ്യമാണ്. ഇത് ഭരണരംഗത്തെ സമ്പൂര്‍ണ അരാജകത്വത്തിന്‍െറ തെളിവാണ്.കേസന്വേഷിക്കാന്‍ വിജിലന്‍സിനെയും പൊലീസിനെയും സര്‍ക്കാര്‍ അനുവദിക്കുന്നില്ല. വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം. പോള്‍ സൂചിപ്പിച്ച അവിശുദ്ധ കൂട്ടുകെട്ട്, യു.ഡി.എഫ് ഭരണം കേരളത്തെ എത്തിച്ച ദുരന്തമാണ്.

ബാര്‍ കോഴക്കേസില്‍ ധന, എക്സൈസ് മന്ത്രിമാരുള്‍പ്പെടെയുള്ളവര്‍ക്കെതിരായ വിജിലന്‍സ് അന്വേഷണം അട്ടിമറിക്കപ്പെടുന്നു. സംസ്ഥാനത്ത് അഴിമതി പടര്‍ന്നുപിടിക്കുകയാണെന്നും വിജിലന്‍സ് ഡയറക്ടര്‍ തുറന്നുപറഞ്ഞിട്ടുണ്ട്. അഴിമതിക്കാര്‍ അധികാരം കൈയാളുമ്പോള്‍ അന്വേഷണ സംവിധാനങ്ങള്‍ അഴിമതിയുടെ സംരക്ഷകരാകുകയാണെന്നും കോടിയേരി പറഞ്ഞു.