ഫ്രഞ്ച് പ്രസിഡന്റ് ഖത്തറിൽ; ഖത്തര്‍ അമീറുമായി കൂടിക്കാഴ്ച നടത്തും

single-img
4 May 2015

frenchദോഹ: ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലാദ് ഖത്തര്‍ അമീര്‍ തമീം ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുമായി കൂടിക്കാഴ്ച നടത്തും. ഫ്രഞ്ച് വിദേശകാര്യ മന്ത്രി ലോറന്റ് ഫാബിയസിനൊപ്പം തിങ്കളാഴ്ചയാണ് അദ്ദേഹം ദോഹയില്‍ എത്തുന്നത്. ഫ്രാന്‍സില്‍ നിന്നും 2570 കോടി റിയാലിന്റെ 24 റാഫേല്‍ ഫൈറ്റര്‍ ജെറ്റുകള്‍ വാങ്ങുന്നതുമായുള്ള കരാറില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ഒപ്പ് വെക്കും.  ലോകത്തിലെ ശക്തരായ രാജ്യങ്ങളിലൊന്നായ ഫ്രാന്‍സുമായുള്ള ഖത്തറിന്റെ കൂടിക്കാഴ്ച അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഏറെ പ്രാധാന്യത്തോടെയാണ് നോക്കിക്കാണുന്നത്.

ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ ബന്ധം ശക്തമാകുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശനമെന്ന് ലോറന്റ് ഫാബിയസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഫ്രാന്‍സിലേക്ക് ഖത്തറില്‍ നിന്നുള്ള നിക്ഷേപം ആകര്‍ഷിക്കുന്നതിന് സന്ദര്‍ശനത്തിലൂടെ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിലെ ശക്തമായ അഞ്ച് രാജ്യങ്ങളില്‍ ഒന്നാണ് ഫ്രാന്‍സ്. ഇക്കാര്യം ഖത്തറിന് നന്നായി അറിയാം. എന്നാല്‍ ഒരു ശക്തിയുമായും വഴിവിട്ട ബന്ധത്തിന് ഫ്രാന്‍സ് ശ്രമിക്കാറുമില്ല. അതുകൊണ്ടുതന്നെ വിദേശനയത്തിന്റെ കാര്യത്തില്‍ ഫ്രാന്‍സിന്റെ ശബ്ദം ലോകം മുഴുവന്‍ ശ്രദ്ധിക്കുകയാണെന്നും ഫാബിയസ് പറഞ്ഞു.

അറബ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ സൗദിയിലെത്തുന്ന ഫ്രാന്‍സ്വ ഒലാദ് ദോഹയില്‍ എത്തി അമീറുമായി കൂടിക്കാഴ്ച നടത്തുമെന്നും വാര്‍ത്തകളില്‍ സൂചനയുണ്ടായിരുന്നു.  ഫ്രഞ്ച് കമ്പനിയായ ദസാള്‍ട്ട് ഏവിയേഷനാണ് റാഫേല്‍ ഫൈറ്റര്‍ ജെറ്റുകള്‍ നിര്‍മിക്കുന്നത്. ദസാള്‍ട്ട് നിര്‍മിക്കുന്ന മിറാഷ് 2000 ജെറ്റുകളാണ് ഖത്തര്‍ എയര്‍ഫോഴ്‌സ് നിലവില്‍ ഉപയോഗിക്കുന്നത്. ഇത്തരം 12 ജെറ്റുകളുടെ സ്‌ക്വാഡ്രണ്‍ ഖത്തര്‍ എയര്‍ഫോഴ്‌സിന് നിലവിലുണ്ട്.