നാഗാ തീവ്രവാദികളുടെ ആക്രമണത്തില്‍ എട്ട് ജവാന്മാര്‍ കൊല്ലപ്പെട്ടു

single-img
4 May 2015

army-samba.jpg.image.784.410കൊഹിമ/ഗുവാഹതി: നാഗാ തീവ്രവാദികളുടെ ആക്രമണത്തില്‍ അസം റൈഫിള്‍സിലെ എട്ട് ജവാന്മാര്‍ കൊല്ലപ്പെട്ടു. ജവാന്മാര്‍ സഞ്ചരിച്ചിരുന്ന വാഹനം തീവ്രവാദികള്‍ സ്‌ഫോടനത്തിലൂടെ തകര്‍ക്കുകയായിരുന്നു. ആറുപേര്‍ക്ക് ഗുരുതരപരിക്കേറ്റു. നാല് അര്‍ധസൈനികരെ കാണാതായി. ഒരു തീവ്രവാദിയും കൊല്ലപ്പെട്ടിട്ടുണ്ട്. മ്യാന്മാര്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള നാഗാലാന്‍ഡിലെ വിദൂര പ്രദേശത്താണ് സംഭവം നടന്നത്. ടോബു പ്രദേശത്തുള്ള ക്യാമ്പിലേക്ക് ജവാന്മാര്‍ മടങ്ങുമ്പോഴാണ് മോണ്‍ ജില്ലയിലെ ചാങ്‌ലാങ് സുവില്‍ വെച്ച് ഞായറാഴ്ച ഉച്ചതിരിഞ്ഞ് 2.30 ഓടെ ആക്രമണമുണ്ടായത്.

സ്‌ഫോടനം നടത്തി പരിഭ്രാന്തി സൃഷ്ടിച്ച ശേഷം തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. പരിക്കേറ്റ നാല് പേരുടെയും ശരീരത്തില്‍ വെടിയേറ്റിട്ടുണ്ട്. കേന്ദ്രവുമായുള്ള 15 വര്‍ഷം നീണ്ട വെടിനിര്‍ത്തല്‍ കരാറില്‍ നിന്ന് നാഷണലിസ്റ്റ് സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗാലാന്‍ഡ്-കാപ് ലാങ് കഴിഞ്ഞ മാസം പിന്മാറിയതിന് ശേഷമുണ്ടാകുന്ന രണ്ടാമത്തെ ആക്രമണമാണിത്‌.

അരുണാചല്‍പ്രദേശിലെ തിരാപ് ജില്ലയില്‍ ഏപ്രില്‍ രണ്ടിന് നടന്ന ആക്രമണത്തില്‍ മൂന്നു സൈനികര്‍ കൊല്ലപ്പെടുകയും മൂന്നുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ശനിയാഴ്ച സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ നാലു തീവ്രവാദികളും മരിച്ചിരുന്നു. വെടിനിര്‍ത്തല്‍ കരാര്‍ നീട്ടാന്‍ അടുത്തിടെ കേന്ദ്രസര്‍ക്കാറും വിസമ്മതിച്ചിരുന്നു. എന്‍.എസ്.സി.എന്‍ -കെയുമായി നാഗാ വിഷയത്തില്‍ ഇനി ചര്‍ച്ചയില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം വെളിപ്പെടുത്തിയിരുന്നു.