ജാതിരഹിത സമൂഹം കരുണാകരഗുരു വിഭാവനം ചെയ്തു. സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി

single-img
3 May 2015

unnamedതിരുവനന്തപുരം: ജാതി വര്‍ണ്ണവര്‍ഗ്ഗ ചിന്തക്കള്‍ക്കതീതമായ ഒരു സമൂഹമാണ് ശാന്തിഗിരി ആശ്രമം സ്ഥാപകഗുരു നവജ്യോതിശ്രീ കരുണാകരഗുരു വിഭാവനം ചെയ്തതെന്ന് സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി പറഞ്ഞു. നവഒലി ജ്യോതിര്‍ദിനം ജില്ലസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്വാമി. അശാന്തിയുടേയും, അസമാധനത്തിന്റേയും ആസുരമായ കാലഘട്ടത്തില്‍ സമൂഹത്തില്‍ ഗുരുവിന്റെ ആശയങ്ങള്‍ക്ക് ഏറെ കാലികപ്രസക്തിയുണ്ട്. സമൂഹം ഇന്ന് നേരിടുന്ന സാംസ്‌കാരിക അപചയങ്ങള്‍ മാറ്റിയെടുക്കുവാന്‍ ഗുരുവിന്റെ സന്ദേശങ്ങള്‍ക്ക് കഴിയുന്നു. ഭാരതീയ ഋഷി പാരമ്പര്യത്തിന്റെ അന്തഃസത്ത ഗുരുവിന്റെ ജീവിതത്തിലുടനീളം നമുക്ക് ദര്‍ശിച്ചറിയുവാന്‍ കഴിയും. സാധാരണക്കാരായ ജനങ്ങള്‍ക്ക് ആത്മീയതയുടെ വെളിച്ചം പകര്‍ന്നു നല്‍കിയ സ്‌നേഹധനനായിരുന്നു ഗുരു. ജാതിയുടേയും മതത്തിന്റേയും വേലിക്കെട്ടുകളെ തകര്‍ക്കുന്നതിന് ജാതിരഹിതവിവാഹം ശാന്തിഗിരിയിലൂടെ ഗുരു പ്രേത്സാഹിപ്പിച്ചു. ജാതി വര്‍ജ്ജനത്തിന് ഇത്ര പ്രായോഗിക ഉള്‍ക്കരുത്ത് നല്‍കിയ മറ്റൊരു മഹാന്‍ ലോകചരിത്രത്തില്‍ നമുക്ക് കാണുവാന്‍ കഴിയുകയില്ല.

രാവിലെ 10.00 മണിക്ക് തിരുവനന്തപുരം ഫോര്‍ട്ട് പ്രിയദര്‍ശിനിഹാളില്‍ നടന്ന സമ്മേളനത്തിന് ഡോ.ജോര്‍ജ് ഓണക്കൂര്‍ അദ്ധ്യക്ഷതവഹിച്ചു. ഡോ.ഡി.ബാബുപോള്‍ ഐ.എ.എസ്. മുഖ്യപ്രഭാഷണം നടത്തി. ശാന്തിഗിരി ആശ്രമം ആര്‍ട്‌സ് & കള്‍ച്ചര്‍ വിഭാഗം ഹെഡ് സ്വാമി നിര്‍മ്മോഹാത്മ മഹനീയ സാന്നിദ്ധ്യമായി. ചടങ്ങില്‍ സിനിമാ സംവിധായകനും വിശ്വസാംസ്‌കാരിക നവോത്ഥാനകേന്ദ്രം ജനറല്‍ കണ്‍വീനറുമായ മധുപാല്‍, ബി.ജെ.പി. ദേശീയ നിര്‍വ്വാഹകസമിതി അംഗം കരമന ജയന്‍, മുസ്ലീംലീഗ് ജില്ലാ പ്രസിഡന്റ് ബീമാപ്പള്ളി റഷീദ്, ഡി.വൈ.എഫ്.ഐ. സംസ്ഥാനകമ്മിറ്റി അംഗം അഡ്വ.എ.എ.റഹീം, കേരള കോണ്‍ഗ്രസ് ജേക്കബ് ജില്ലാ പ്രസിഡന്റ് കരുമം സുന്ദരേശന്‍, സിന്ദുരം ട്രസ്റ്റ് ചെയര്‍മാന്‍ സബിര്‍ തിരുമല, വയലാര്‍ രാമവര്‍മ്മ സാംസ്‌കാരികവേദി ജനറല്‍ സെക്രട്ടറി മണക്കാട് രാമചന്ദ്രന്‍, വി.എസ്.എന്‍.കെ. തിരിവനന്തപുരം ജില്ല കമ്മിറ്റി അംഗം സുരേഷ് റ്റി തമ്പി, മാതൃമണ്ഡലം കണ്‍വീനര്‍ സരസ്വതി അമ്മാള്‍, ഗുരുമഹിമ ജില്ലാ കമ്മിറ്റി അംഗം ജനപ്രിയ ഡി. എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. വിശ്വസാംസ്‌കാരിക നവോത്ഥാനകേന്ദ്രം ജനറല്‍ കണ്‍വീനര്‍ രാജീവ് മാധവന്‍സ്വാഗതവും ശാന്തിമഹിമ ജില്ലാ കോര്‍ഡിനേറ്റര്‍ ജി.ആര്‍.അഖിലേശന്‍ കൃതജ്ഞതയും രേഖപ്പെടുത്തി.

ശാന്തിഗിരി ആശ്രമസ്ഥാപകഗുരു നവജ്യോതിശ്രീ കരുണാകരഗുരു ആദിസങ്കല്പത്തില്‍ ലയിച്ചിട്ട് പതിനാറ് വര്‍ഷം തികയുന്ന മെയ് 6 ന് ശാന്തിഗിരി പരമ്പര നവഒലി ജ്യോതിര്‍ദിനം സര്‍വ്വമംഗളസുദിനമായി ആഘോഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് ശാന്തിഗിരിയുടെ സാംസ്‌കാരിക പ്രസ്ഥാനങ്ങളായ വിശ്വസാംസ്‌കാരിക നവോത്ഥാനകേന്ദ്രം, മാതൃമണ്ഡലം, ശാന്തിമഹിമ, ഗുരുമഹിമ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ തിരുവനന്തപുരം ജില്ലയില്‍ നവഒലി ജ്യോതിര്‍ദിനം സമ്മേളനം സംഘടിപ്പിച്ചത്.