ഗുജറാത്തിന് പിന്നാലെ കര്‍ണാടക സര്‍ക്കാരും വോട്ടിങ്ങ് നിര്‍ബന്ധമാക്കുന്നു; വോട്ട് ചെയ്യാത്തവര്‍ക്ക് 500 രൂപ പിഴയും രണ്ട് ദിവസത്തെ തടവും

single-img
3 May 2015

voterIDഗുജറാത്ത് മാതൃക പിന്തുടർന്ന് വോട്ടിങ്ങ് നിര്‍ബന്ധമാക്കാനുള്ള ശ്രമത്തിലാണ് കര്‍ണാടക സര്‍ക്കാര്‍. വോട്ട് ചെയ്യാത്തവര്‍ക്ക് ശിക്ഷ നല്‍കിയും വോട്ട് ചെയ്തവര്‍ക്ക് പാരിതോഷികം നല്‍കിയും എല്ലാവിഭാഗം ജനങ്ങളേയും പോളിങ് ബൂത്തില്‍ എത്തിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ഇതിനായുള്ള നിര്‍ദേശങ്ങള്‍ തയ്യാറാക്കി കഴിഞ്ഞ സര്‍ക്കാര്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍ വോട്ടിങ്ങ് നിര്‍ബന്ധമാക്കാനാണ് ആദ്യ ശ്രമിക്കുന്നതെന്ന് ഗ്രാമീണവികസന വകുപ്പിലെ അധികൃതന്‍ അറിയിച്ചു.

വോട്ട് ചെയ്യാത്തവര്‍ക്ക് 500 രൂപ പിഴയും രണ്ട് ദിവസത്തെ തടവ് ശിക്ഷയും നല്‍കും. റേഷന്‍ കാര്‍ഡിനും ഡ്രൈവിങ് ലൈസന്‍സിനും അപേക്ഷിക്കുന്നവരും വോട്ട് ചെയ്തുവെന്ന് തെളിയിക്കുന്ന രേഖ ഹാജരാക്കേണ്ടി വരും. മുടക്കം കൂടാതെ എല്ലാ തെരഞ്ഞെടുപ്പുകളിലും വോട്ട് ചെയ്യുന്നവര്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ മുന്‍ഗണനയുണ്ടായിരിക്കും. ഉചിതമായ കാരണങ്ങളാല്‍ വോട്ട് ചെയ്യാന്‍ കഴിയാത്തവരെ ശിക്ഷയില്‍ നിന്നും ഒഴിവാക്കും. വോട്ടിങ്ങില്‍ നോട്ട ഓപ്ഷന്‍ തെരഞ്ഞെടുക്കുന്നവര്‍ക്കും വോട്ട് ചെയ്തതിന്റെ രേഖ സര്‍ക്കാര്‍ നല്‍കും.

പുതിയ നിര്‍ദേശങ്ങള്‍ പ്രാബല്യത്തില്‍ വരുത്താനുള്ള പ്രാഥമിക നടപടികള്‍ സ്വീകരിച്ചുവരുകയാണ്. ഇതിന് സമയമെടുക്കും. നിര്‍ദേശങ്ങള്‍ നിയമമാക്കുന്നതുമായി ബന്ധപ്പെട്ട് വിദഗ്ധ സമതിയുടെ നിര്‍ദേശങ്ങള്‍ തേടിയിട്ടുണ്ടെന്നും ഗ്രാമീണ വികസന മന്ത്രി എച്ച്‌കെ പാട്ടീല്‍ പറഞ്ഞു. മെയ് മാസത്തില്‍ നടക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പുതിയ നിര്‍ദേശങ്ങള്‍ ബാധകമാകില്ല.

വോട്ടിങ്ങ് നിര്‍ബന്ധമാക്കുന്ന ബില്‍ രണ്ട് തവണ നിയമസഭ പാസാക്കിയിരുന്നുവെങ്കിലും അപ്പോഴെല്ലാം കര്‍ണാടക ഗവര്‍ണര്‍ വജുഭായ് ആര്‍ വാല തിരിച്ചയക്കുകയായിരുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തിന്‍മേലുള്ള കടന്നുകയറ്റമാണെന്ന് നിരീക്ഷിച്ചാണ് ബില്‍ ഗവര്‍ണര്‍ മടക്കിയത്.