ലഖ്വിയുടെ മോചനം; ഇന്ത്യയുടെ ആവശ്യ പ്രകാരം യു.എന്‍ രക്ഷാസമിതി ഇടപെടുന്നു

single-img
3 May 2015

lakhviന്യൂയോര്‍ക്ക്: മുംബൈ ആക്രമണത്തിന്റെ മുഖ്യസൂത്രധാരൻ ലഖ്വിയുടെ(55) മോചനത്തില്‍ യു.എന്‍ രക്ഷാസമിതി ഇടപെടുന്നു. ഇന്ത്യയുടെ ആവശ്യം അംഗീകരിച്ചാണ് വിഷയം  അടുത്ത യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് യു.എന്‍ ഉറപ്പു നല്‍കി. ഏപ്രില്‍ ഒമ്പതിനാണ് കോടതി ഉത്തരവിനെ തുടര്‍ന്ന് ലഖ്വിയെ പാകിസ്ഥാന്‍ മോചിപ്പിച്ചത്.

ലഖ്വിയെ മോചിപ്പിച്ചതില്‍ കടുത്ത പ്രതിഷേധം അറിയിച്ച ഇന്ത്യയുടെ യു.എന്നിലെ സ്ഥിരം പ്രതിനിധി ഈ വിഷയം ചര്‍ച്ചചെയ്യണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കിയിരുന്നു. ഇത് പരിഗണിച്ചാണ് വിഷയം ചര്‍ച്ചചെയ്യാമെന്ന നിലപാട് യു.എന്‍ ഔദ്യോഗികമായി ഇന്ത്യയെ അറിയിച്ചത്.

ലഖ്‌വിയെ മോചിപ്പിച്ചുകൊണ്ടുള്ള പാക് കോടതിയുടെ ഉത്തരവ് യുഎന്‍ പ്രമേയം 1267 പ്രകാരമുള്ള ലംഘനമാണ്. അല്‍ ഖായിദയും ലഷ്‌കറെ തൊയിബയും അടക്കമുള്ള തീവ്രവാദ സംഘടനകളുമായി ബന്ധപ്പെട്ട വ്യക്തികളും സ്ഥലങ്ങളുമായുള്ള വിഷയങ്ങളില്‍ തീരുമാനമെടുക്കുന്ന യുഎന്‍ സമിതിക്ക് മുന്നിലാണ് ഇന്ത്യ ഈ ആവശ്യം ഉന്നയിച്ചത്.

ലഖ്‌വിയുടെ മോചനവുമായി ബന്ധപ്പെട്ട് യു.എസ്, യു.കെ, റഷ്യ, ഫ്രാന്‍സ്, ജര്‍മനി തുടങ്ങിയ രാജ്യങ്ങളും ആശങ്ക പ്രകടിപ്പിച്ചിരുന്നു. ലഖ്‌വിയെ വീണ്ടും അറസ്റ്റ് ചെയ്യണമെന്ന് യു.എസ് ആവശ്യപ്പെട്ടിരുന്നു.