സാധാരണക്കാര്‍ക്കായി പാലാ നഗരസഭ കുടുംബശ്രീയുമായി സഹകരിച്ച് 20 രൂപയുടെ ഉച്ചയൂണുമായി എത്തുന്നു

single-img
2 May 2015

Nyayavilaഇനി പാലായിലെത്തുന്നവര്‍ക്ക് ചോറ്, സാമ്പാര്‍, തോരന്‍കറി, മെഴുക്കുവരട്ടി, അച്ചാര്‍ തുടങ്ങിയവയോടെ ഇരുപതു രൂപയ്ക്ക് ഉച്ചയൂണ് കഴിക്കാം. പാലാ നഗരഹൃദയത്തില്‍ സാധാരണക്കാര്‍ക്ക് ഏറെ ആശ്വാസം ലഭിക്കുന്ന ഈ പദ്ധതി നഗര സഭയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ കുടുംബശ്രീയുമായി ചേര്‍ന്നാണ് നടപ്പിലാകുന്നത്. മേയ് ആദ്യവാരം മുതല്‍ പാലായിലെത്തുന്നവര്‍ക്ക് 20 രൂപയ്ക്ക് ന്യായവില ഹോട്ടലിലൂടെ ഊണ് നല്‍കാനാകുഒമെന്ന് നഗരസഭാധ്യക്ഷന്‍ കുര്യാക്കോസ് പടവന്‍ അറിയിച്ചു.

ഉച്ചയ്ക്കു 12 മുതല്‍ ഉച്ചകഴിഞ്ഞു രണ്ടു വരെ ഇരുപതു രൂപയുടെ ടോക്കണ്‍ എടുത്ത് ആര്‍ക്കും ഉച്ചഭക്ഷണം കഴിക്കാം. പാലാ ജനറല്‍ ആശുപത്രിക്കു സമീപം മെയിന്‍ റോഡില്‍ ഇതിനായി സ്ഥലസൗകര്യങ്ങള്‍ തയാറാക്കികഴിഞ്ഞു. കിസ്‌കോ ഡയഗ്നോസിസ് സെന്ററിനു എതിര്‍വശമുള്ള ബസ് കാത്തിരിപ്പുകേന്ദ്രം പുനഃക്രമീകരണം ചെയ്ത് ഇവിടെയാണ് ന്യായവില ഭക്ഷണശാല ആരംഭിക്കുന്നത്.

ഒരു ദിവസം അഞ്ഞൂറോളം പേര്‍ക്കുള്ള ഊണു തയാറാക്കാനാണു പദ്ധതി. നഗരസഭയുടെ വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലിലെ വിശാലമായ അടുക്കളയാണ് ഇതിനായി ഉപയോഗിക്കുന്നത്. നഗരസഭയുടെ പഞ്ചവത്സരപദ്ധതിയോടനുബന്ധിച്ചു തയാറാക്കിയ പ്രൊജക്ടിനു പത്തുലക്ഷം രൂപയാണു വകയിരുത്തിയിട്ടുള്ളത്.

മെയിന്‍ റോഡില്‍ വണ്‍വേ സംവിധാനം വന്നതോടെ ഇപ്പോള്‍ ഹോട്ടലുള്ള സ്ഥലത്തെ വെയ്റ്റിംഗ് ഷെഡ് ആവശ്യമില്ലാതാകുകയും പകരം പാലാ വലിയപാലത്തിനു താഴെ വിശാലമായ പുതിയ ബസ്‌കാത്തിരുപ്പു കേന്ദ്രം പൂര്‍ത്തിയാവുകയും ചെയ്തതോടെയാണ് ഇവിടുത്തെ സൗകര്യങ്ങള്‍ പുനഃക്രമീകരിച്ച് ഉപയോഗിക്കാന്‍ നഗരസഭ തീരുമാനിച്ചത്.

കുടുംബശ്രീയംഗങ്ങള്‍ തയാറാക്കുന്ന ഭക്ഷണം മെയിന്‍ റോഡിലുള്ള ന്യായവില വില്പനശാലയില്‍ എത്തിക്കും. ഭക്ഷണം വിളമ്പുന്ന പ്ലേറ്റുകള്‍ ശേഖരിച്ചു വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലില്‍ എത്തിച്ച് ക്ലീനാക്കുകയാണ് ചെയ്യുക.