പഞ്ചാബ് മാനഭംഗം; ദൈവവിധി തടയാനാകാതെ കാറുകളും വിമാനങ്ങളും പോലും അപകടത്തില്‍ പെടുന്നതിനാല്‍ ബലാത്സംഗങ്ങളും അങ്ങനെതന്നെ കരുതണമെന്ന് പഞ്ചാബ് മന്ത്രി

single-img
2 May 2015

Panjab

ബലാത്സംഗ ശ്രമത്തിനിടെ ബസില്‍ നിന്നും ചാടിയ ഒമ്പതാം ക്ലാസുകാരി മരിച്ച സംഭവം ദൈവവിധിയാണെന്ന പ്രസ്താനവയുമായി പഞ്ചാബിലെ ഗ്രാമവികസന വകുപ്പ് മന്ത്രി സുര്‍ജിത് സിങ് രാഖ്ര രംഗത്ത്. ദൈവവിധി തടയാന്‍ ആര്‍ക്കും കഴിയില്ലെന്നും കാറുകളും വിമാനങ്ങളും പോലും അപകടത്തില്‍പ്പെടുന്നതിനാല്‍ ഇതെല്ലാം ദൈവത്തിന് വിട്ടുകൊടുക്കുക മാത്രമാണ് പോംവഴിയെന്നും ഒരു ചടങ്ങില്‍ പ്രസംഗിക്കവേ അദ്ദേഹം പറഞ്ഞു.

ഉപമുഖ്യമന്ത്രിയും മുഖ്യമന്ത്രി പ്രകാശ് സിങ് ബാദലിന്റെ മകനുമായ സുഖ്ബീര്‍ സിങ് ബാദലിന്റെ ഉടമസ്ഥതയിലുള്ള ഓര്‍ബിറ്റ് കമ്പനിയുടെ ബസ്സില്‍ വച്ചാണ് രാജ്യത്തെ നടുക്കിയ സംഭവമുണ്ടായത്. ഇതിനിടെ പ്രസതുത സംഭവം ഒരു സാധാരണ അപകടം മാത്രമാണെന്ന പ്രസ്താവനയുമായി അകാലിദള്‍ നേതാവും മോഗ എം.എല്‍.എ.യുമായ ജോഗീന്ദര്‍ പാലും രംഗത്തുവന്നു. എത്രയോ അപകടങ്ങള്‍ നടക്കുന്നതില്‍ ഒന്നുതന്നെയാണ് ഇശതന്നും കോടതിക്ക് പുറത്ത് ഇരുവര്‍ക്കും സ്വീകാര്യമായ നഷ്ടപരിഹാരം നല്‍കി പ്രശ്‌നം തീര്‍ക്കാവുന്നതേയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷം രൂക്ഷമായ ആക്രമണം നടത്തുന്നതിനിടെയാണ് മന്ത്രിയും എം.എല്‍.എ.യും നിരത്തരവാദപരമായ പ്രസ്താവനകളിലൂടെ സര്‍ക്കാരിനെ വീണ്ടും പ്രതിസന്ധിയിലാക്കിയത്. സുഖ്ബീര്‍ സിങ് ബാദലിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ ജഡം സംസ്‌കരിക്കാന്‍ വീട്ടുകാര്‍ വിസമ്മതിച്ചു. സര്‍ക്കാര്‍ നല്‍കിയ ഇരുപത് ലക്ഷം രൂപയെന്ന് നഷ്ടപരിഹാരതുക കുടുംബം നിരസിക്കുകയും ചെയ്തു. സംഭവത്തില്‍ പരിക്കേറ്റ പെണ്‍കുട്ടിയുടെ അമ്മയ്ക്ക് സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ജോലിയും ഇരകളുടെ കുടുംബം നിരസിച്ചിരിക്കുകയാണ്.