ബലാല്‍സംഗം ചെയ്ത ഗുണ്ടയ്ക്ക് ബലാല്‍സംഗത്തിനിരയായ സ്ത്രീയെ വില്‍ക്കാന്‍ ഭര്‍ത്താവിനോട് പഞ്ചായത്തിന്റെ കല്‍പ്പന

single-img
2 May 2015

Poor Lady

ഭീഷണിപ്പെടുത്തി നിരവധി തവണ ബലാല്‍സംഗം ചെയ്തയാള്‍ക്ക് ബലാല്‍സംഗത്തിനിരയായ സ്ത്രീയെ വില്‍ക്കാന്‍ സ്ത്രീയുടെ ഭര്‍ത്താവിനോട് പഞ്ചായത്തിന്റെ കല്‍പ്പന. ഉത്തര്‍ പ്രദേശിലെ ബുലന്ദ്ശഹറിനടുത്തുള്ള ഗാംഗ്തല ഗ്രാമത്തിലാണ് സംഭവം.

ശിവ്കുമാര്‍ എന്ന ഗുണ്ട ഗ്രാമത്തിലെ ഒരു കര്‍ഷകന്റെ ഭാര്യയെ ഭീഷണിപ്പെടുത്തി നിരവധി തവണ ബലാല്‍സംഗം ചെയ്യുകയായിരുന്നു. പഞ്ചായത്തിന് മുന്നില്‍ പരാതിയുമായെത്തിയ കര്‍ഷകന് പഞ്ചായത്ത് അധികൃതര്‍ പറഞ്ഞുകൊടുത്തതാണ് ഈ വിചിത്രമായ പരിഹാരം. ഒരു ലക്ഷം രൂപയും ആറേക്കറോളം ഭൂമിയും നഷ്ടപരിഹാരം വാങ്ങി തന്റെ ഭാര്യയെ ശിവ്കുമാറിന് നല്‍കാനായിരുന്നു പഞ്ചായത്ത് ഭര്‍ത്താവിനോട് പരിഹാരമായി നിര്‍േദ്ദശിച്ചത്. ബലാത്സംഗത്തിന് ഇരയായ സ്ത്രീയുടെ അനുവാദമില്ലാതെതന്നെ ഇരു കൂട്ടരും കരാര്‍ ഉറപ്പിക്കുകയും ചെയ്തു.

ബലാത്സംഗത്തിന് ഇരയായി ഗര്‍ഭിണിയായ യുവതി ഒരു കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. പക്ഷേ പഞ്ചായത്തിന്റെ തീരുമാനം അനുസരിക്കാതെ ശിവ്കുമാര്‍ കര്‍ഷകന് നഷ്ടപരിഹാരം നല്‍കാതെ കടന്നു കളയുകയായിരുന്നു. ആരും സ്വീകരിക്കാനില്ലാത്തിനാല്‍ നിസഹായയായ യുവതി ഇപ്പോള്‍ ചില ഗ്രാമവാസികളുടെ സഹായത്താല്‍ കഴിഞ്ഞു കൂടുകയാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.