പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടികളെ മദ്യം നല്‍കി പീഡിപ്പിച്ച സംഭവത്തില്‍ കേസെടുക്കാതിരുന്ന എസ്.ഐയെ സസ്‌പെന്റ് ചെയ്തു • ഇ വാർത്ത | evartha
Kerala

പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടികളെ മദ്യം നല്‍കി പീഡിപ്പിച്ച സംഭവത്തില്‍ കേസെടുക്കാതിരുന്ന എസ്.ഐയെ സസ്‌പെന്റ് ചെയ്തു

police_cap_0

പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടികളെ മദ്യം നല്‍കി പീഡിപ്പിച്ച സംഭവത്തില്‍ കേസെടുക്കാതിരുന്ന എസ്.ഐയ്ക്ക് സസ്‌പെന്‍ഷന്‍. വയനാട് അമ്പലവയല്‍ ആദിവാസി കോളനിയിലെ പെണ്‍കുട്ടികളെ പീഡിപ്പിച്ച സംഭവത്തില്‍ കേസെടുക്കാത്ത അമ്പലവയല്‍ എസ്.ഐ മാത്യുവിനെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ടും സംഭവത്തില്‍ ഡിപ്പാര്‍ട്ട്‌മെന്റ് തല അന്വേഷണത്തിനും ഡി.ഐ.ജി ദിനേന്ദ്ര കശ്യപാണ് ഉത്തരവിട്ടത്.

ഏഴിലും എട്ടിലും ഒമ്പതിലുമായി പഠിക്കുന്ന അമ്പലവയല്‍ പുറ്റാട് മലയച്ചന്‍ കോളനിയിലെ പെണ്‍കുട്ടികളെ രക്ഷിതാക്കള്‍ കൂലിവേലയ്ക്ക് പോകുന്ന സമയത്ത് കാട്ടിനുള്ളിലും റബര്‍തോട്ടങ്ങളിലും ഒഴിഞ്ഞ വീടുകളിലും കൊണ്ടുപോയി മദ്യം നല്‍കി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്. സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.

ഇതറിഞ്ഞ മാതാപിതാക്കള്‍ പരാതിപ്പെട്ടിട്ടും കേസ് അന്വേഷിക്കാന്‍ പോലീസ് തയ്യാറാകാത്തത് വാര്‍ത്തയായിരുന്നു. അതിനെതുടര്‍ന്നാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഇടപെട്ട് അന്വേഷണത്തിന് ഉത്തരവിട്ടത്. മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യാന്‍ എസ്.പിയോടും പ്രസ്തുത സ്ഥലം സന്ദര്‍ശിക്കാന്‍ മാനന്തവാടി ഡി.വൈ.എസ്.പിയോടും ആഭ്യന്തരമന്ത്രി നിര്‍ദ്ദേശിക്കുകയായിരുന്നു.