ഇന്ത്യയില്‍ നിന്നും മുസ്ലീങ്ങള്‍ പാകിസ്ഥാനിലേക്ക് പോകണമെന്നും നിലയ്ക്കു നിന്നില്ലെങ്കില്‍ മുസ്ലീം സ്ത്രീകളെ ബലാത്സംഗത്തിനിരയാക്കുമെന്നും പറഞ്ഞ പ്രവാസി മലയാളിയെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു

single-img
29 April 2015

syam-fb-post
ദോഹയില്‍ ഫേസ്ബുക്ക് വഴി മുസ്ലിംകള്‍ക്കെതിരേ വര്‍ഗീയ പരാമര്‍ശം നടത്തിയ മലയാളിയെ കമ്പനിയില്‍ നിന്നു പിരിച്ചുവിട്ടു. സഹപ്രവര്‍ത്തകരുടെയും മറ്റും പരാതിയെ തുടര്‍ന്ന് റാസ്ലഫാനിലെ ഗ്യാസ് കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന മലയാളിയെയാണ് കമ്പനി ഒഴിവാക്കിയത്.

ഹിന്ദുക്കള്‍ ഒന്നടങ്കം ഇറങ്ങിയാല്‍ മുസ്്‌ലിംകള്‍ പാകിസ്താനില്‍ പോകേണ്ടി വരുമെന്നും നിലയ്ക്ക് നിന്നില്ലെങ്കില്‍ മുസ്ലിം സ്ത്രീകളെ കൂട്ടബലാല്‍സംഗത്തിന് ഇരയാക്കുമെന്നും ധ്വനിപ്പിക്കുന്ന രീതിയിലായിരുന്നു ഇയാള്‍ ഫേസ്ബുക്കിലെ സ്വന്തം പ്രൊഫൈലിലുടെ പോസ്റ്റിട്ടത്. ഇതിനേതിരേ സോഷ്യല്‍ മീഡിയയിലുയര്‍ന്ന വ്യാപക പ്രതിഷേധത്തെ തുടര്‍ന്നായിരുന്നു പിരിച്ചുവിടല്‍.

വര്‍ഗീയ പരാമര്‍ശങ്ങളടങ്ങിയ പോസ്റ്റിട്ട ഇയാള്‍ക്കെതിര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചരണം നടന്നിരുന്നു. അപകടം മണത്ത ഇയാള്‍ ഈ പോസ്റ്റ് നീക്കം ചെയ്യുകയും ഖേദം പ്രകടിപ്പിച്ച് മറ്റൊരു പോസ്റ്റിടുകയും ചെയ്തു. അറിവില്ലായ്മ മൂലമാണ് തന്റെ പരാമര്‍ശമെന്നും ക്ഷമിക്കണമെന്നും അഭ്യര്‍ത്ഥിച്ചായിരുന്നു പോസ്റ്റ്.

അന്യരാജ്യത്ത് നിന്ന് മതവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തുന്നത് ജോലി നഷ്ടപ്പെടുന്നത് ആദ്യമായല്ല. സമാനമായ സംഭവത്തില്‍ നേരത്തേയും ഖത്തറില്‍ ഒരു മലയാളി ജോലിയില്‍ നിന്ന് പിരിച്ചുവിടപ്പെട്ടിരുന്നു.