എസ്എസ്എല്‍സി പരീക്ഷയില്‍ ഇനിയും ഫലം ലഭിക്കാത്ത വിദ്യാര്‍ഥികളുടെ മാര്‍ക്കുകള്‍ക്കായി മൂല്യനിര്‍ണയ കേന്ദ്രങ്ങളില്‍ തിരച്ചില്‍ നടത്തുകയാണെന്ന് അധികൃതര്‍

single-img
29 April 2015

sslc-examപുതുക്കിയ എസ്എസ്എല്‍സി പരീക്ഷാഫലം വന്നിട്ടും ഇനിയും ഫലം ലഭിക്കാത്ത വിദ്യാര്‍ഥികളുടെ മാര്‍ക്കുകള്‍ക്കായി 54 മൂല്യനിര്‍ണയ കേന്ദ്രങ്ങളിലും ഊര്‍ജിത തിരച്ചില്‍ നടത്തുകയാണെന്ന് അധികൃതര്‍. രണ്ടു ദിവസത്തിനുള്ളില്‍ മുഴുവന്‍ പേരുടെയും ഫലം ലഭ്യമാക്കാനാണ് ശ്രമിക്കുന്നതെന്ന് പരീക്ഷാഭവന്‍ സെക്രട്ടറി എം.ഐ. സുകുമാരന്‍ പറഞ്ഞു.

എന്നാല്‍ ഐടി പരീക്ഷയില്‍ സ്‌കൂളുകളില്‍ നിന്നു നല്‍കിയതിനെക്കാള്‍ കൂടിയ മാര്‍ക്ക് കുട്ടികള്‍ക്കു ലഭിച്ചതിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലാത്തത് വീണ്ടും നാണക്കേടിന് ഇടയാക്കിയിട്ടുണ്ട്. എല്ലാവരുടെയും മാര്‍ക്ക് പരീക്ഷാഭവനിലെ സെര്‍വറില്‍ ഉണ്ടെന്നും ഏതെങ്കിലും ഒരു കുട്ടിയുടെ ഒരു വിഷയത്തിന്റെ മാര്‍ക്ക് ആര്‍എഎല്‍ എന്നു രേഖപ്പെടുത്തിയാല്‍ മുഴുവന്‍ മാര്‍ക്കുകളും അപ്രത്യക്ഷമാകുന്നതാണു പ്രശ്‌നമെന്നും അധികൃതര്‍ പറയുന്നു.

ഗ്രേസ് മാര്‍ക്ക് ലഭിച്ചില്ലെന്ന പരാതിയും അധികൃതര്‍ പരിഹരിച്ചുവരുന്നു. എറണാകുളം ജില്ലയിലെ സ്‌കൂളുകള്‍ ഉള്‍പ്പെടെ പല സ്ഥലങ്ങളിലും ഇപ്പോഴും ഫലം ലഭിച്ചിട്ടില്ല. ഇതേക്കുറിച്ചു വിശദ അന്വേഷണം നടത്തിയാലേ കാരണം കണ്ടെത്താനാവുവെന്നാണ് അധികൃതര്‍ പറയുന്നത്.