ന്യായാധിപന്മാരുടെ സംഘടനപാസാക്കിയ പ്രമേയത്തിനെതിരേ അഭിഭാഷക സംഘടന രംഗത്ത്‌

single-img
29 April 2015

courtകൊച്ചി : ജഡ്‌ജിമാരെ വിമര്‍ശിക്കുന്നതില്‍ പ്രതിഷേധിച്ചു ന്യായാധിപന്മാരുടെ സംഘടനപാസാക്കിയ പ്രമേയത്തിനെതിരേ അഭിഭാഷക സംഘടന രംഗത്ത്‌. സോളാര്‍ കേസ്‌ പ്രതി സരിത നായരുടെ മൊഴി രേഖപ്പെടുത്താതിരുന്ന മജിസ്‌ട്രേറ്റ്‌ എന്‍.വി. രാജുവിനെതിരേ ആരോപണം ഉയര്‍ന്നതോടെയാണു വിവാദം ആരംഭിച്ചത്‌. മജിസ്‌ട്രേറ്റിനെ വിമര്‍ശിക്കുന്നതില്‍ പ്രതിഷേധിച്ചു കേരള ജുഡീഷ്യല്‍ ഓഫീസേഴ്‌സ്‌ അസോസിയേഷന്‍ കഴിഞ്ഞദിവസം പ്രമേയം പാസാക്കിയിരുന്നു. പൊതുതാല്‍പര്യ പ്രകാരമെന്ന്‌ അവകാശപ്പെട്ട്‌ മാധ്യമങ്ങളിലൂടെ സംസ്‌ഥാനത്തെ ന്യായാധിപന്മാരെ ചെളിവാരിയെറിയുകയാണെന്നായിരുന്നു മജിസ്‌ട്രേറ്റുമാര്‍ മുതല്‍ ജില്ലാ ജഡ്‌ജിവരെയുള്ള ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ സംഘടന അംഗീകരിച്ച പ്രമേയത്തില്‍ പറയുന്നത്‌.

ജഡ്‌ജിമാരെ ആക്ഷേപിക്കുന്നത്‌ പലര്‍ക്കും ഇഷ്‌ടവിനോദമാണെന്നും ന്യായാധിപന്‍ നിര്‍ഭയമായി പ്രവര്‍ത്തിക്കാതിരിക്കാന്‍ ചില അനഭിലഷണീയ ശക്‌തികള്‍ രംഗത്തുണ്ടെന്നും പ്രമേയത്തില്‍ കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍ ഹൈക്കോടതിയുടെ പ്രത്യേക അനുമതി വാങ്ങി ന്യായാധിപരുടെ സംഘടന പാസാക്കിയ പ്രമേയത്തിനെതിരേ ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ്‌ ലോയേഴ്‌സാണ്‌ ഇന്നലെ രംഗത്തുവന്നത്‌.പ്രമേയം പിന്‍വലിച്ചു പൊതുസമൂഹത്തോട്‌ മാപ്പു പറയണമെന്ന്‌ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി അഡ്വ. എ. ജയശങ്കര്‍, വൈസ്‌ പ്രസിഡന്റ്‌ അഡ്വ. മജ്‌നു കോമത്ത്‌, സെക്രട്ടറി അഡ്വ. പി.എ. അസീസ്‌ എന്നിവര്‍ കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

ജില്ലാ ജഡ്‌ജി കൂടിയായ വിജിലന്‍സ്‌ രജിസ്‌ട്രാര്‍ മോഹന്‍ദാസ്‌ മജിസ്‌ട്രേറ്റ്‌ രാജുവിന്റെ നടപടിയില്‍ വീഴ്‌ച ഉണ്ടായെന്നു കണ്ടെത്തിയിട്ടുണ്ട്‌. ജനമധ്യത്തില്‍ നീതിന്യായ സംവിധാനത്തിന്റെ പ്രതിച്‌ഛായ രാജു കളങ്കപ്പെടുത്തിയെന്നു രജിസ്‌ട്രാറുടെ റിപ്പോര്‍ട്ടിലുണ്ടെന്ന്‌ അഡ്വ. ജയശങ്കര്‍ പറഞ്ഞു. നിലവില്‍ കാസര്‍ഗോഡ്‌ ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റായി പ്രവര്‍ത്തിക്കുന്ന എന്‍.വി. രാജുവിനെ ജില്ലാ ജഡ്‌ജിയായി നിയമിക്കപ്പെടാനുള്ളവരുടെ പാനലില്‍നിന്നു താല്‍ക്കാലികമായി ഒഴിവാക്കിയിട്ടുണ്ട്‌. ഹൈക്കോടതിയുടെ അഡ്‌മിനിസ്‌ട്രേറ്റീവ്‌ കമ്മിറ്റി അച്ചടക്ക നടപടിയെടുക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും ഇവര്‍ പറഞ്ഞു.