നേപ്പാള്‍ ഭൂകമ്പം അന്‍പതിനായിരം ഗര്‍ഭിണികള്‍ക്കും ഒരു ദുരന്തമായി മാറി

single-img
29 April 2015

nepal-2നേപ്പാളിനെ തകര്‍ത്തെറിഞ്ഞ ഭൂകമ്പം അന്‍പതിനായിരത്തോളം ഗര്‍ഭിണികളെ പ്രതികൂലമായി ബാധിച്ചെന്ന് ഐക്യരാഷ്ട്രസഭ. യുണൈറ്റഡ് നാഷന്‍സ് ഫണ്ട് ഫോര്‍ പോപ്പുലേഷന്‍ ആക്റ്റിവിറ്റീസ് (യു.എന്‍.എഫ്.പി.എ) എന്ന സംഘടന ഇത്സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിടുകയും ചെയ്തു. ഇതിനെതുടന്ന് ദുരന്തത്തില്‍ അകപ്പെട്ട ഗര്‍ഭിണികള്‍ക്ക് എത്രയും വേഗം പ്രസവ ശുശ്രൂഷയും മറ്റ് ശാരീരിക അസ്വസ്ഥകള്‍ അനുഭവപ്പെടുന്നവര്‍ക്ക് അടിയന്തിര പരിചരണവും നല്‍കണമെന്ന് യു.എന്‍.എഫ്.പി.എ നിര്‍ദേശിച്ചു.

പ്രകൃതി ദുരന്തങ്ങളുടെ സമയത്ത് ഗര്‍ഭാവസ്ഥയിലുള്ള മരണങ്ങളുടെ എണ്ണം കൂടുമെന്ന് യു.എന്‍.എഫ്.പി.എയുടെ ഏഷ്യാപസഫിക് കോഓര്‍ഡിനേറ്ററായ പ്രിയ മാര്‍വ് അഭിപ്രായപ്പെട്ടു.ദുരന്ത നിവാരണത്തിനായി യു.എന്‍.എഫ്.പി.എയും നേപ്പാള്‍ സര്‍ക്കാരും സഹകരിച്ചു കൊണ്ട് രക്ഷാ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. അടിയന്തിര സഹായം ആവശ്യമുള്ളവര്‍ക്ക് വേണ്ട സഹായം ലഭ്യമാക്കുന്നതിനു വേണ്ടി നിരവധി പ്രവര്‍ത്തകര്‍ നേപ്പാളില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്.ദുരന്തങ്ങളുടെ ഭാഗമാവുന്ന ഗര്‍ഭിണികളുടെ ക്ഷേമത്തിനായി ഫണ്ടും സ്വരൂപിക്കുന്നുണ്ട്.