ആത്മഹത്യ ചെയ്യുന്ന കര്‍ഷകര്‍ ഭീരുക്കൾ; അത്തരക്കാര്‍ സര്‍ക്കാരിന്റെ ഒരു ആനുകൂല്യത്തിനും അര്‍ഹതയില്ല- ഹരിയാന കൃഷിമന്ത്രി

single-img
29 April 2015

op dhankarചണ്ഡിഗഢ്: കടക്കെണിയിൽപ്പെട്ട് കര്‍ഷകര്‍ കൂട്ടത്തോടെ ആത്മഹത്യ ചെയ്യുന്ന സംഭവം രാജ്യത്തെ പ്രതിരോധത്തിലാക്കുമ്പോള്‍ കര്‍ഷകരെ അപമാനിക്കുന്ന തരത്തിൽ പ്രസ്താവന നടത്തിയ ഹരിയാന കൃഷിമന്ത്രി ഒ.പി ധന്‍കര്‍ വിവാദത്തിൽ. ആത്മഹത്യ ചെയ്യുന്ന കര്‍ഷകര്‍ ഭീരുക്കളും അത്തരക്കാര്‍ സര്‍ക്കാരിന്റെ ഒരു ആനുകൂല്യത്തിനും അര്‍ഹരല്ലെന്നുമാണ് ധന്‍കര്‍ അഭിപ്രായപ്പെട്ടത്.

ഇന്ത്യന്‍ ശിക്ഷാനിയമം അനുസരിച്ച് ആത്മഹത്യ കുറ്റകൃത്യമാണ്. ആത്മഹത്യ ചെയ്യുന്ന വ്യക്തി തന്റെ ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഓടിയൊളിക്കുകയാണ്. ഇത്തരക്കാര്‍ ഭീരുക്കളാണ്. ഇത്തരം ഭീരുക്കളെയോ ക്രിമിനലുകളെയോ സര്‍ക്കാരിന് പിന്തുണയ്ക്കാന്‍ കഴിയില്ലെന്നുമാണ് ബി.ജെ.പി മന്ത്രിയുടെ കാഴച്ചപ്പാട്. മോഡി സര്‍ക്കാറിന്‍റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരായ പ്രതിഷേധം രാജ്യവ്യാപകമാവുന്നതിനിടെയാണ് ധന്‍കര്‍ ഇങ്ങനെ പറഞ്ഞത്.

വേനല്‍മഴയിലുണ്ടായ കൃഷിനാശത്തെ തുടര്‍ന്നാണ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കര്‍ഷക ആത്മഹത്യകള്‍ വ്യാപകമായത്. ഹരിയാനയില്‍ മുന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ കര്‍ഷകരോട് കാണിച്ച അലംഭാവമാണ് പ്രതിസന്ധിക്ക് കാരണമെന്ന് വിമര്‍ശിച്ച മുഖ്യമന്ത്രി എം.എല്‍ ഖട്ടാര്‍, കാര്‍ഷിക നാശം സംഭവിച്ചവര്‍ക്ക് തിങ്കളാഴ്ച 1,092 കോടിയുടെ ധനസഹായവും പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കര്‍ഷകരെ അവഹേളിച്ച് ബി.ജെ.പി മന്ത്രി ഇന്നലെ രംഗത്തെത്തിയത്.