ഭൂകമ്പത്തില്‍ പരിക്കേറ്റവരെ തിരിച്ചറിയാന്‍ ആശുപത്രി അധികൃതര്‍ നെറ്റിയില്‍ ‘ഭൂകമ്പം’ എന്ന സ്റ്റിക്കര്‍ ഒട്ടിച്ചത് വിവാദമായി

single-img
29 April 2015

stickerദര്‍ഭംഗ: ഭൂകമ്പത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ എത്തിയവരെ തിരിച്ചറിയാന്‍ ആശുപത്രി അധികൃതര്‍ നെറ്റിയില്‍ ഭൂകമ്പം എന്ന സ്റ്റിക്കര്‍ പതിച്ചത് വിവാദത്തിൽ. ബിഹാറിലെ ദര്‍ഭംഗ മെഡിക്കല്‍ കോളേജാശുപത്രിയിലാണ് സംഭവം. ഇവര്‍ക്കായി പ്രത്യേക വാര്‍ഡുകളും ആശുപത്രിയില്‍ സജ്ജീകരിച്ചിട്ടുണ്ട്. ഭൂകമ്പത്തിനിരയായവരെ പെട്ടെന്ന് തിരിച്ചറിയാനാണ് സ്റ്റിക്കര്‍ പതിച്ചിരിക്കുന്നത് എന്നാണ് ആശുപത്രി അധികൃതരുടെ ന്യായീകരണം.

നെറ്റിയില്‍ സ്റ്റിക്കറുമായി പരിചരിക്കപ്പെടുന്ന ഇവരുടെ ദൃശ്യങ്ങള്‍ ടെലിവിഷനില്‍ കണ്ടതോടെ വന്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. അതേസമയം രോഗികള്‍ ഈ സ്റ്റിക്കറുകളുണ്ടാക്കുന്ന ഞെട്ടല്‍ പങ്കുവയ്ക്കുന്നു. ദുരന്തത്തിന്റെ ഭീകരതയില്‍ നിന്ന് രക്ഷപ്പെടാനാണ് തങ്ങളുെട ശ്രമം. ഈ സ്റ്റിക്കര്‍ തങ്ങളെ ഏറെ അസ്വസ്ഥരാക്കുന്നുവെന്നും ഇവര്‍ പറയുന്നു. സംഭവത്തിൽ ആശുപത്രി സൂപ്രണ്ട് മാപ്പ് പറഞ്ഞു. സംഭവത്തെ താന്‍ അപലപിക്കുന്നെന്നും ഉടന്‍ തന്നെ ഇത് നീക്കാന്‍ വേണ്ട നടപടി സ്വീകരിക്കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ സ്റ്റിക്കര്‍ നീക്കിയിട്ടുണ്ട്.

സംഭവത്തെക്കുറിച്ച് താന്‍ ആശുപത്രി സൂപ്രണ്ടിനോട് വിശദീകരണം തേടിയതായും സ്റ്റിക്കറുകള്‍ ഉടന്‍ നീക്കാന്‍ നിര്‍ദേശം നല്‍കിയതായി സംസ്ഥാന ആരോഗ്യമന്ത്രി ബൈദ്യനാഥ് സാഹ്നി അറിയിച്ചു. ആരാണ് ഈ സ്റ്റിക്കറിന് പിന്നിലെന്ന് കണ്ടെത്തണമെന്നും മന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. റിക്ടര്‍ സ്‌കെയിലില്‍ 7.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ബിഹാറില്‍ 60 പേരാണ് മരിച്ചത്. അയ്യായിരം പേര്‍ മരിച്ച നേപ്പാളില്‍ ഇന്ത്യയടക്കമുളള രാജ്യങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിനും ദുരിതാശ്വാസത്തിനും നേതൃത്വം നല്‍കുന്നുണ്ട്.