കോഴ ആരോപണത്തിന്‍െറ പേരില്‍ രാജിവെക്കേണ്ട കാര്യമില്ലെന്ന് എക്സൈസ് മന്ത്രി കെ. ബാബു

single-img
29 April 2015

K_BABUതിരുവനന്തപുരം: ബാര്‍ കോഴ ആരോപണത്തിന്‍െറ പേരില്‍ രാജിവെക്കേണ്ട കാര്യമില്ലെന്ന് എക്സൈസ് മന്ത്രി കെ. ബാബു. ഒരു കേസും രജിസ്റ്റര്‍ ചെയ്തിട്ടില്ല. ബിജു രമേശിന്‍െറ മൊഴിയില്‍ തനിക്ക് പണം തന്നു എന്ന് പറയുന്നില്ല. എന്തടിസ്ഥാനത്തിലാണ് താന്‍ രാജി വെക്കേണ്ടതെന്നും ബാബു ചോദിച്ചു.

ഒരു കോടിയുടെ ‘ചീള്’ കേസ് ഉന്നയിച്ചതിനുശേഷമാണ് പത്ത് കോടിയുടെ ആരോപണം ബിജു ഉന്നയിക്കുന്നത്. വലിയ ആരോപണം ആദ്യം ഉന്നയിച്ച് പിന്നീട് ചെറിയത് ഉന്നയിക്കുകയാണ് ചെയ്യേണ്ടത്. ബിജു രമേശിന്‍െറ ഈ നടപടി സംശയാസ്പദമാണ്. തനിക്കാരും പണം തന്നിട്ടുമില്ല. താന്‍ ആരുടെയും കൈയില്‍ നിന്നു പണം വാങ്ങിയിട്ടുമില്ല ബാബു പറഞ്ഞു.

ബാറുടമകളില്‍ നിന്ന് 10 കോടി രൂപ കൈക്കൂലി വാങ്ങിയെന്ന ബിജു രമേശിന്‍െറ രഹസ്യമൊഴി പുറത്തുവന്നതിന്‍െറ പശ്ചാത്തലത്തിലാണ് ബാബു വാര്‍ത്താസമ്മേളനം നടത്തി വിശദീകരിച്ചത്. മൊഴി പുറത്തുവന്നതിന് പിന്നാലെ സാങ്കേതികത്വം പറഞ്ഞ് മന്ത്രിസ്ഥാനത്ത് തുടരില്ലെന്ന് ബാബു നേരത്തെ പ്രതികരിച്ചിരുന്നു. എന്നാല്‍ രാജിയില്ലെന്ന നിലപാടിലാണ് ഇപ്പോള്‍ ബാബു.