ശോഭാ ഡേക്ക് എതിരെയുള്ള അവകാശലംഘന പ്രമേയത്തിന് സുപ്രീംകോടതി സ്‌റ്റേ

single-img
29 April 2015

shobhadeദില്ലി: ശോഭാ ഡേക്ക് എതിരെ മഹാരാഷ്ട്ര നിയമസഭയില്‍ കൊണ്ടുവന്ന അവകാശലംഘന പ്രമേയം സുപ്രീംകോടതി സ്‌റ്റേ ചെയ്തു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിനെ പരിഹസിച്ച് ട്വീറ്റ് ചെയ്തതിനായിരുന്നു അവകാശലംഘന പ്രമേയം. ശോഭാ ഡേയുടെ പരാതിയെ തുടര്‍ന്നാണ് കോടതി നടപടി. നിയമസഭയുടെ നടപടിയില്‍ കോടതി വിശദീകരണം തേടിയിട്ടുണ്ട്. മഹാരാഷ്ട്രയിലെ മള്‍ട്ടിപ്ലക്‌സുകളില്‍ മറാത്തി സിനിമകള്‍ നിര്‍ബന്ധപൂര്‍വം പ്രദര്‍ശിപ്പിക്കണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തെ കളിയാക്കിയാണ് ശോഭാ ഡേ ട്വീറ്റ് ചെയ്തത്.

തങ്ങള്‍ സ്‌നേഹിച്ച മഹാരാഷ്ട്ര ഇതല്ലെന്ന് പറഞ്ഞ ശോഭാ ഡേ ബീഫ് മുതല്‍ സിനിമവരെ മുഖ്യമന്ത്രി അനാവശ്യമായ കൈകടത്തലുകള്‍ നടത്തുകയാണെന്ന് വിമര്‍ശിക്കുകയും ചെയ്തു.  ഇത് മറാത്തികളെ അപമാനിക്കുന്നതിന് തുല്യമാണെന്ന് ആരോപിച്ചാണ് ശിവസേനാ എം.എല്‍.എ പ്രതാപ് സര്‍നായിക്ക് ബജറ്റ് സമ്മേളനത്തില്‍ ശോഭാ ഡേക്ക് എതിരെ പ്രമേയം കൊണ്ടുവന്നത്.

ഇതിനെതിരെയായിരുന്നു ശോഭാ ഡേ കോടതിയെ സമീപിച്ചത്. സംഭവത്തില്‍ ശോഭാ ഡേക്കെതിരെ മഹാരാഷ്ട്രയിലെങ്ങും ശിവസേന പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ശിവസേന പ്രവര്‍ത്തകര്‍ ശോഭാ ഡെയുടെ വീട്ടിലേയ്ക്ക് മാര്‍ച്ച് നടത്തി പ്രതിഷേധിക്കുകുയും ശോഭാ ആന്റി എന്ന പേരില്‍ ശിവസേനയുടെ മുഖപത്രത്തില്‍ മുഖപ്രസംഗം എഴുതുകയും  ചെയ്തിരുന്നു.