ഇന്ന് തൃശൂര്‍ പൂരം

single-img
29 April 2015

pooramതൃശൂര്‍: ബുധനാഴ്ച തൃശൂര്‍ പൂരം. തട്ടകത്തെ പത്ത് ദേവതകള്‍ നിശ്ചഞ്ചലനായ വടക്കുന്നാഥന്‍െറ സന്നിധിയിലേക്ക് എഴുന്നള്ളിയത്തെുന്നതു മുതല്‍ പിരിയുന്നതുവരെയുള്ള 36 മണിക്കൂര്‍ നഗരം പൂരത്തിലമരും. പൂരത്തില്‍ പങ്കാളികളായ ദേവീദേവന്മാര്‍ക്ക് കടന്നുപോകാന്‍ വടക്കുന്നാഥന്‍െറ തെക്കേ ഗോപുരനട ചൊവ്വാഴ്ച ഉച്ചക്കു മുമ്പ് നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റിയ കൊമ്പന്‍ തുറന്നിട്ടു. ബുധനാഴ്ച രാവിലെ ആദ്യം വടക്കുന്നാഥ ക്ഷേത്രത്തില്‍ എത്തുക കണിമംഗലം ശാസ്താവാണ്. കണിമംഗലത്തിന് പിന്നാലെ മറ്റു ക്ഷേത്രങ്ങള്‍. രാവിലെ തിരുവമ്പാടി ഭഗവതി ശിവസുന്ദറിന്‍െറ പുറത്തേറി നടുവില്‍ മഠത്തിലേക്ക് പുറപ്പെടും.

മഠത്തില്‍ എത്തിയശേഷം 11ന് മഠത്തില്‍വരവ് പഞ്ചവാദ്യം. വര്‍ഷങ്ങളായി പ്രമാണം വഹിച്ച അന്നമനട പരമേശ്വരന്‍ മാരാരുടെ അസാന്നിധ്യത്തില്‍ കേളത്ത് കുട്ടപ്പന്‍ മാരാര്‍ക്കാണ് ഇത്തവണ നിയോഗം. ഉച്ചക്ക് 12ന് പാറമേക്കാവ് ഭഗവതിയുടെ പൂരം തുടങ്ങും. പത്മനാഭനാണ് തിടമ്പേറ്റുന്നത്. പാറമേക്കാവിന്‍െറ പൂരം വടക്കുന്നാഥന്‍െറ മതിലകത്ത് പ്രവേശിച്ചാല്‍ ഉച്ചക്ക് 2.30ഓടെ പ്രസിദ്ധമായ ഇലഞ്ഞിത്തറ മേളം ആരംഭിക്കും. ഇത്തവണയും പെരുവനം കുട്ടന്‍മാരാരാണ് നായകന്‍.

വൈകീട്ട് അഞ്ചോടെ തെക്കേഗോപുര പരിസരത്ത് പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങള്‍ മുഖാമുഖം നിരക്കുമ്പോള്‍ നിറങ്ങള്‍ നീരാടുന്ന കുടമാറ്റം തുടങ്ങുകയായി. കുടമാറ്റത്തോടെ പകല്‍പൂരം അവസാനിക്കും. രാത്രി ചെറുപൂരങ്ങള്‍ വീണ്ടും വടക്കുന്നാഥനിലേക്കത്തെും. പുലര്‍ച്ചെ മൂന്നിന് തിരുവമ്പാടിയും പാറമേക്കാവും മത്സരിച്ച് വെടിക്കെട്ട് ഒരുക്കും. വ്യാഴാഴ്ച ഉച്ചക്ക് 12ന് ഇരുവിഭാഗങ്ങളും വടക്കുന്നാഥന്‍െറ ശ്രീമൂലസ്ഥാനത്ത് പരസ്പരം വണങ്ങുന്നതോടെ പൂരം സമാപിക്കും.