നാലുവയസ്സുകാരനടക്കമുള്ള കുട്ടികളുടെ കവിളില്‍ ശൂലം കുത്തി ഘോഷയാത്ര നടത്തിയ സംഭവത്തില്‍ ശിശുക്ഷേമ സമിതി കേസെടുത്തു

single-img
28 April 2015

child1
കേരളകൗമുദി കോട്ടയം യൂണിറ്റ് ഫോട്ടോഗ്രാഫർ ശ്രീകുമാർ ആലപ്ര പകർത്തിയ ചിത്രം.

കോട്ടയം കോടിമത പള്ളിപ്പുറത്ത് കാവിലെ പത്താമുദയ ഉത്സവത്തിന്റെ ഭാഗമായി നടന്ന കുംഭകുട ഘോഷയാത്രയില്‍ കുരുന്നുകളെ ശൂലം കുത്തി നടത്തിയ സംഭവത്തില്‍ ശിശുക്ഷേമ സമിതി കേസെടുത്തു. നാലുവയസ്സുകാരനടക്കമുള്ളവരുടെ കവിളില്‍ ശൂലം കുത്തിയ സംഭവം ശ്രദ്ധയില്‍പെട്ടുവെന്നും അന്വേഷണം നടത്തി ഉചിതമായ നടപടി സ്വീകരിക്കുമെന്നും ശിശുക്ഷേമ സമിതി അധ്യക്ഷ മേരിക്കുട്ടി അറിയിച്ചു.

കഴിഞ്ഞ ദിവസം രാവിലെ തിരുനക്കര ക്ഷേത്രമൈതാനത്ത് വെച്ച് ഘോഷയാത്രയ്ക്ക് വേണ്ടി പതിനഞ്ചോളം കുട്ടികളുടെ കവിളിലും നാക്കിലുമായാണ് ശൂലം കുത്തിയത്. അതില്‍ കൂട്ടത്തിലുണ്ടായിരുന്ന നാല് വയസ്സുകാരന്‍ ശൂലം കുത്തിയ വേദനയില്‍ വിങ്ങിപ്പൊട്ടുന്നുണ്ടായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. അതുകൂടാതെ ശൂലം കുത്തിയ കുട്ടികളെ പൊരിവെയിലത്ത് മൂന്ന് കിലോമീറ്ററോളം നടത്തിച്ച് പള്ളിപ്പുറത്ത് കാവിലെത്തിക്കുകയായിരുന്നു. വേദനകൊണ്ട് കരഞ്ഞ കുട്ടികളോട് ഇതിനിടെ മാതാപിതാക്കള്‍ ഇഷ്ടമുള്ള പലതും വാങ്ങിത്തരാമെന്ന് പറഞ്ഞ് പ്രലോഭിപ്പിക്കുന്നുണ്ടായിരുന്നുവെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു. മറ്റുചിലര്‍ കുരുന്നുകളുടെ വായില്‍ കുത്തിയ ശൂലത്തില്‍ നോട്ടുകള്‍ കോര്‍ത്തിടുകയും ചെയ്തു.

ഇൗസംഭവത്തെപ്പറ്റിയുള്ള വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ കണ്ട വായനക്കാരനാണ് ചൈല്‍ഡ് ലൈനും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിക്കും പരാതി നല്‍കിയത്. പരാതി ഫയലില്‍ സ്വീകരിച്ചിരിക്കുകയാണ്.