കോടതി ജീവനക്കാരുടെ കൈപ്പിഴ കൊണ്ട് നഷ്ടപരിഹാര തുക പരാതിക്കാരന് ലഭിച്ചില്ല; ന്യായാധിപന്‍ സ്വന്തം ശമ്പളത്തില്‍ നിന്നും ആ തുക പരാതിക്കാരന് നല്‍കി

single-img
28 April 2015

judge-kiniപാലക്കാട്: 21 വർഷങ്ങൾക്ക് മുമ്പ് വാഹനാപകടത്തില്‍ മകനെ നഷ്ടപ്പെട്ട മാതാപിതാക്കള്‍ക്ക് നഷ്ടപരിഹാര തുക ന്യായാധിപന്‍ സ്വന്തം ശമ്പളത്തില്‍നിന്ന് നല്‍കി. പാലക്കാട് മോട്ടോര്‍ ആക്സിഡന്‍റ് കൈ്ളംസ് ട്രൈബ്യൂണല്‍ ജഡ്ജി എസ്. മനോഹര്‍ കിണിയാണ് ഒരു ലക്ഷം രൂപയുടെ നഷ്ടപരിഹാര തുകക്കുള്ള രണ്ട് ചെക്കുകള്‍ മാതാപിതാക്കളെ പ്രത്യേകം വിളിച്ചുവരുത്തി കൈമാറിയത്. വർഷങ്ങൾക്ക് മുൻപ് വിധിച്ച നഷ്ടപരിഹാര തുക കോടതി ജീവനക്കാരുടെ കൈത്തെറ്റുമൂലം ലഭിക്കാത്തത് കണക്കിലെടുത്താണ് ജഡ്ജിയുടെ നടപടി.

നീതിന്യായ സംവിധാനത്തിലുള്ള വിശ്വാസം ഹരജിക്കാരന് നഷ്ടപ്പെടാതിരിക്കാനാണ് ഈ വിധിയെന്ന് മനോഹര്‍ കിണി വിധിന്യായത്തില്‍ പറയുന്നു. കോടതി എന്തായിരിക്കണമെന്നതിന് മറുപടി കൂടിയാണിത്. സങ്കീര്‍ണമായ നിയമസംവിധാനങ്ങള്‍ക്ക് മീതെയാണ് നീതിഗോപുരമെന്നും അതാണ് മന:സാക്ഷിയെന്നുമുള്ള ഗാന്ധിജിയുടെ വാക്കുകളും 17 പേജ് വരുന്ന വിധിന്യായത്തിലുണ്ട്.

1993 മേയ് പത്തിന് പുതുപ്പരിയാരത്തുണ്ടായ വാഹനാപകടത്തില്‍ വാക്കില്‍പറമ്പില്‍ സുന്ദരന്‍െറ ഏഴ് വയസ്സുള്ള മകന്‍ മരണപ്പെടുന്നത്.  എം.എ.സി.ടി കോടതിയില്‍ നല്‍കപ്പെട്ട നഷ്ടപരിഹാര ഹരജിയില്‍ 1996 ഏപ്രില്‍ 16ന് വിധിയായി. 98700 രൂപയും 12 ശതമാനം പലിശയും അടക്കം നല്‍കാനായിരുന്നു ഇന്‍ഷുറന്‍സ് കമ്പനിയോട് വിധിച്ചത്. ഇന്‍ഷുറന്‍സ് കമ്പനി വിധിയെ ചോദ്യം ചെയ്ത് അപ്പീല്‍ നല്‍കിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന്, സുന്ദരനും കുടുംബാംഗങ്ങള്‍ക്കും 20,000 രൂപ ആദ്യഘട്ടത്തില്‍ നല്‍കി. ഇന്‍ഷുറന്‍സ് കമ്പനി പലിശ സഹിതം ബാക്കിയുള്ള 90398 രൂപ കോടതിയില്‍ ഏല്‍പ്പിക്കുകയും കോടതി അത് സുന്ദരന്‍െറയും ഭാര്യയുടേയും പേരില്‍ ബാങ്കില്‍ നിക്ഷേപിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു.

എന്നാല്‍,  കോടതി ജീവനക്കാര്‍ കൈകാര്യം ചെയ്യുന്ന ചെക് രജിസ്റ്ററില്‍ പറ്റിയ അബദ്ധം കാരണം കൊല്ലങ്കോട് നെന്മേനി സ്വദേശി രാമകൃഷ്ണന്‍ എന്നയാളുടെ അക്കൗണ്ടിലേക്കാണ് തുക എത്തിയത്. വാഹനാപകടവുമായി ബന്ധപ്പെട്ട് രാമകൃഷ്ണന്‍െറ നഷ്ടപരിഹാര ഹരജി ഇതേ കോടതിയില്‍ ഉണ്ടായിരുന്നു. നേരത്തെ വിധിയായ ചെറിയ തുക ബാങ്കില്‍ പിൻവലിച്ച ശേഷം രാമകൃഷ്ണന്‍ തന്‍െറ അക്കൗണ്ടില്‍ വലിയൊരു തുക വന്നിട്ടുണ്ടെന്ന വിവരം അറിയുന്നത്. ഇത് ബന്ധപ്പെട്ടവരെ അറിയിക്കേണ്ടതിന് പകരം ചിലരുടെ സഹായത്തോടെ ഇദ്ദേഹം തുക പിന്‍വലിച്ചു. തുക നിക്ഷേപിച്ചിട്ടില്ലെന്ന ധാരണയില്‍ സുന്ദരനും കുടുംബവും കഴിയുകയും ചെയ്തു.

വർഷങ്ങൾക്ക് ശേഷം മറ്റൊരു വാഹനാപകടത്തില്‍ രാമകൃഷ്ണന്‍ മരിക്കുകയും അദ്ദേഹത്തിന്‍െറ ബന്ധുക്കള്‍ നഷ്ടപരിഹാര ഹരജിയുമായി ഇതേ കോടതിയിലെത്തി. ഇതിനിടെ സുന്ദരനും കുടുംബവും തങ്ങള്‍ക്ക് നഷ്ടപരിഹാരം ലഭിച്ചിട്ടില്ലെന്ന പരാതിയുമായി കോടതിയില്‍ എത്തിയിരുന്നു. ഇത് പരിശോധിച്ചുവരികയാണ് എന്ന് ഇന്‍ഷുറന്‍സ് കമ്പനിക്കാര്‍ അറിയിച്ച മുറക്ക് കേസ് മാറ്റി വെക്കുകയാണുണ്ടായത്. രാമകൃഷ്ണന്‍ തങ്ങള്‍ക്ക് അവകാശപ്പെട്ട തുക മരിക്കും മുമ്പ് പിന്‍വലിച്ചുവെന്ന് പിന്നീടാണ് സുന്ദരന്‍ അറിയുന്നത്.

ഇക്കാര്യം ചൂണ്ടിക്കാട്ടി മേല്‍കോടതിയിലടക്കം നല്‍കിയ ഹരജി തള്ളപ്പെടുകയായിരുന്നു.  രാമകൃഷ്ണന്‍ മരിച്ചതിനാലും അദ്ദേഹത്തിന്‍െറതായി മറ്റ് സ്വത്തുക്കള്‍ ഇല്ലാത്തതിനാലും തുക വസൂലാക്കാനുളള ഹരജി കോടതി അനുവദിച്ചില്ല. ഏറ്റവും ഒടുവിലുണ്ടായ ഹൈകോടതി ഉത്തരവില്‍ ഹരജിക്കാരോട് പാലക്കാട് എം.എ.സി.ടിയില്‍ തന്നെ റിവ്യു ഹരജി നല്‍കാന്‍ നിര്‍ദേശിച്ചു.

ഇതിന് ശേഷം നല്‍കിയ ഹരജിയിലുള്ള വാദത്തിന് ശേഷം ഹരജിക്കാരന്‍െറ ആവശ്യം അനുവദിക്കാനാവില്ലെന്ന നിലപാടിലായിരുന്നു ജഡ്ജി മനോഹര്‍ കിണി. ഈ സാഹചര്യത്തില്‍ ഹരജിക്കാരന് നീതി ലഭിക്കണമെങ്കില്‍ ഇതാണ് മാര്‍ഗമെന്ന നിലയിലാണ് സ്വന്തം നിലയില്‍ നഷ്ടപരിഹാര തുക നല്‍കുന്നത്. ഹരജി തള്ളിയെന്നാണ് ആദ്യഘട്ടത്തില്‍ കരുതിയതെങ്കിലും വിധിപകര്‍പ്പ് ലഭിച്ചപ്പോഴാണ് അതിന്‍െറ അവസാന ഭാഗത്ത് കോടതി തന്നെ നഷ്ടപരിഹാരം നല്‍കുന്ന വിവരം മനസ്സിലായതെന്ന് ഹരജിക്കാരനായ സുന്ദരൻ വ്യക്തമാക്കി. എറണാകുളം സ്വദേശിയായ മനോഹര്‍ കിണി ഒരു വര്‍ഷം മുമ്പാണ് പാലക്കാട് എം.എ.സി.ടി കോടതിയില്‍ നിയോഗിക്കപ്പെട്ടത്.