രാക്ഷസന്മാരുടെ അവതാരങ്ങളായ ജേഴ്‌സി പശുക്കളുടെ പാലു കുടിച്ചാൽ കുട്ടികളിൽ ദുഷ്ടചിന്തകൾ വളരുമെന്ന് ആര്‍.എസ്‌.എസ്‌

single-img
28 April 2015

cowന്യൂഡല്‍ഹി: ജേഴ്‌സി പശുക്കള്‍ രാക്ഷസന്മാരുടെ അവതാരമാണെന്നും ഇവയുടെ പാലു കുടിക്കുന്നത്‌ കുട്ടികളില്‍ ദുഷ്‌ട ചിന്തകള്‍ വളര്‍ത്തുമെന്നും ആര്‍.എസ്‌.എസ്‌ നേതാവ്‌. ബ്രിട്ടനില്‍ നിന്നും ഇന്ത്യയിലെത്തിയതാണ് ജേഴ്‌സി പശുക്കൾ. ഇവയെ കുറിച്ച് സംസാരിക്കുകയായിരുന്നു ആര്‍.എസ്‌.എസിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അഖില ഭാരതീയ ഗൗ സേവാ സംഘത്തിന്റെ പ്രസിഡന്റ് കൂടിയായ ശങ്കര്‍ ലാല്‍.

ഇന്ത്യന്‍ പശുക്കള്‍ ഭഗവാന്‍ കൃഷ്‌ണന്റെ അവതാരമാണ്. സന്മാര്‍ഗികളായ ഇന്ത്യന്‍ പശുക്കളുടെ പാല്‍ കുടിക്കുന്നത്‌ ജനങ്ങളുടെ ഉല്‍പ്പാദന ക്ഷമത കൂട്ടുക മാത്രമല്ല മനസില്‍ ദുഷ്‌ട ചിന്തകള്‍ കടന്നുകൂടുന്നതിനെ തടയാനും സാധിക്കും. കൂടാതെ ജേഴ്‌സി പശുക്കളുടെ പാലില്‍ പിശാചുക്കള്‍ ഒളിഞ്ഞിരിപ്പുണ്ട്‌. കൂടാതെ വിഷമയമായ പല ഘടകങ്ങളും ഇത്തരം പശുക്കളുടെ പാലില്‍ അടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

കഴിഞ്ഞ ദിവസം ഗോവധ നിരോധന നിയമത്തില്‍നിന്നും ജേഴ്‌സി പശുക്കളെ ഒഴിവാക്കണമെന്ന ആവശ്യവുമായി വ്യാപാരികള്‍ രംഗത്തെത്തിയിരുന്നു. ജേഴ്‌സി പശുക്കള്‍ വിദേശികളാണെന്നും ഇവയെ കൊല്ലുന്നത്‌ ഹിന്ദു വിശ്വാസങ്ങളെ മുറിവേല്‍പ്പിക്കില്ലെന്നും വ്യാപാരികള്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ എല്ലാ ഇനത്തിലുംപെട്ട പശുക്കള്‍ തങ്ങളുടെ വിശ്വാസങ്ങളില്‍ അധിഷ്‌ടിതമാണെന്നും ജേഴ്‌സി പശുക്കളെ കൊല്ലുന്നത്‌ അനുവദിക്കാന്‍ കഴിയില്ലെന്നും ബി.ജെ.പി വ്യക്‌തമാക്കിയിരുന്നു. ഇതിന്‌ പിന്നാലെയാണ്‌ ആര്‍.എസ്‌.എസിലെ മുതിര്‍ന്ന നേതാവ്‌ പുതിയ പ്രസ്‌താവനയുമായി രംഗത്തെത്തിയത്‌.

രാജ്യത്തെ പാല്‍ ഉല്‍പാദനം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ബ്രിട്ടീഷ്‌ രാജിന്റെ ഭാഗമായി വര്‍ഷങ്ങള്‍ക്കു മുമ്പാണ്‌ ജേഴ്‌സി പശുക്കളെ ഇന്ത്യയിലെത്തിച്ചത്‌.