നിന്നു പഠിക്കുന്ന കുട്ടികള്‍ക്ക് ബുദ്ധികൂടുമെന്ന് കണ്ടെത്തൽ

single-img
28 April 2015

kids-standing-deskലണ്ടന്‍: നിന്നു പഠിക്കുന്ന കുട്ടികള്‍ക്ക് ബുദ്ധികൂടുമെന്നും പൊണ്ണത്തടി ഇല്ലാതാകുമെന്നും പഠനം. ടെക്‌സസിലെ ഹെല്‍ത്ത് സയന്‍സ് സെന്റര്‍ സ്‌കൂള്‍ ഓഫ് പബ്ലിക്ക് ഹെല്‍ത്തിലെ പ്രൊഫസര്‍ മാര്‍ക്ക് ബെന്‍ഡന്റെ നേതൃത്വത്തില്‍ നടത്തിയ ഗവേഷണത്തിലാണ് പുതിയ കണ്ടെത്തല്‍. ഇരുന്നു പഠിക്കുന്ന കുട്ടികളേക്കാള്‍ നിന്നു പഠിക്കുന്നവര്‍ക്ക് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താന്‍ സാധിക്കുമെന്നും കൂടുതല്‍നേരം ഇരിക്കുന്നതുകൊണ്ട് നട്ടെല്ലിനുണ്ടാകുന്ന സമ്മര്‍ദത്തിന് പരിഹാരം കാണാന്‍ കഴിയുമെന്നുമാണ് ഗവേഷകര്‍ പറയുന്നത്. ഒരു വര്‍ഷം നീണ്ട പഠനത്തിന് ശേഷമാണ് ഗവേഷകര്‍ ഈ നിഗമനത്തില്‍ എത്തിയത്.

ഗവേഷണ റിപ്പോര്‍ട്ട് ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് പബ്ലിക്ക് പ്രൊമോഷന്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിന്നു പഠിച്ചാലുള്ള ഗുണങ്ങള്‍ വിശദമായി പ്രതിപാദിക്കുന്ന റിപോര്‍ട്ടില്‍ പഠിക്കാനായി കുട്ടികള്‍ക്ക് സ്റ്റാന്‍ഡിങ് ഡെസ്‌ക്ക് നല്‍കണമെന്നും നിര്‍ദേശിക്കുന്നു. നാലാം ക്ലാസിലെ 300ഓളം കുട്ടികളില്‍ നടത്തിയ ഗവേഷണത്തിലാണ് പുതിയ കണ്ടെത്തല്‍.

ഇരുന്നു പഠിക്കുന്ന കുട്ടികളുമായി താരതമ്യം ചെയ്യുമ്പോള്‍ നിന്നു പഠിക്കുന്ന കുട്ടികള്‍ക്ക് 12 ശതമാനംവരെ കര്‍മശേഷി കൂടുന്നുവെന്നാണ് കണ്ടെത്തല്‍. മാത്രമല്ല നിന്നു പഠിക്കുന്ന കുട്ടികള്‍ ടീച്ചര്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് പെട്ടെന്ന് ഉത്തരം പറയുന്നതായും ക്ലാസിലെ പരിപാടികള്‍ക്കെല്ലാം ഉത്സാഹത്തോടെ പങ്കെടുക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.